സ്വന്തം ലേഖകൻ: യുകെയിൽ ഷോപ്പിംഗിനിറങ്ങുമ്പോള്‍ ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഷോപ്പുകളിലെ ജീവനക്കാരുമായി അനാവശ്യ വിവാദങ്ങള്‍ക്കോ അടിപിടിക്കോ മുതിര്‍ന്നാല്‍ ആറ് മാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടതായി വരും. ഷോപ്പ് ജീവനക്കാര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രത്യേക നിയമം ആവശ്യമില്ല എന്ന മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ നിയമത്തിന് രൂപം കൊടുക്കുന്നത്.
പുതിയ കുറ്റകൃത്യം കൂടി ഉള്‍പ്പെടുത്തുന്നതിനായി ക്രിമിനല്‍ ജസ്റ്റിസ് ബില്ലില്‍ ഭേദഗതി കൊണ്ടുവരുമെന്ന് ഋഷി ഉടന്‍ തന്നെ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. സംഘടിത ക്രിമിനല്‍ സംഘങ്ങളായാലും, തുടരെത്തുടരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരായാലും, അതല്ലെങ്കില്‍, അവസരം ലഭിച്ചതുകൊണ്ട് മാത്രം മോഷണം നടത്തുന്നവരായാലും പ്രാദേശിക ഷോപ്പുകളില്‍ നിന്നും മോഷണം നടത്തിയോ, ജീവനക്കാരെ ആക്രമിച്ചോ ശിക്ഷ നേടാതെ ഊരിപ്പോരാനാകില്ലെന്ന സന്ദേശം നല്‍കുകയാണെന്നായിരുന്നു ഋഷി സുനക് പറഞ്ഞത്.
നമ്മുടെ സമൂഹത്തിന്റെ ജീവരക്തമാണ് പ്രാദേശിക ഷോപ്പുകള്‍. അതുകൊണ്ടു തന്നെ അവര്‍ക്ക്, ഭീഷണി നേരിടാതെയും, ഭയക്കാതെയും വ്യാപാരം നടത്തുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം അനുസരിച്ച് ആറ് മാസം വരെ തടവോ അതല്ലെങ്കില്‍ അപരിമിതമായ തുകയുടെ പിഴയോ ആയിരിക്കും ശിക്ഷ. പൊതുജനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തുന്നതിന് നല്കുന്ന ശിക്ഷക്ക് സമാനമായ ശിക്ഷയാണ് കടകളില്‍ കയറി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മോഷ്ടിക്കുന്നതിനും ലഭിക്കുക.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ചില്ലറ വില്പന മേഖലയിലെ ജീവനക്കാര്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളെ പ്രത്യേകം കുറ്റമായി കണക്കാക്കണം എന്നൊരു പാര്‍ലമെന്ററി പെറ്റീഷന് വന്നിരുന്നു. എന്നാല്‍, കഠിനാദ്ധ്വാനം ചെയ്യുന്ന ചില്ലറ വില്പന മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന അക്രമങ്ങളും അവഹേളനങ്ങളും തടയാന്‍ സര്‍ക്കാര്‍ ബദ്ധശ്രദ്ധമാണെങ്കിലും അതിനായി നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട് എന്ന് കരുതുന്നില്ല എന്നായിരുന്നു അന്ന് അതിനോട് സര്‍ക്കാര്‍ പ്രതികരിച്ചത്. ആ തീരുമാനത്തില്‍ നിന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ മലക്കം മറിയുന്നത്.
പുതിയ നിയമമനുസരിച്ച്, തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും, ആവര്‍ത്തിച്ച് മോഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇലക്ട്രോണിക് ടാഗ് ധരിക്കേണ്ടതായി വരും. അതുപോലെ പോലീസ് അന്വേഷിക്കുന്ന ക്രിമിനലുകളെ കണ്ടെത്തുന്നതിനായ് ഫേസ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുവാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ചില കടകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുവാന്‍ ഇപ്പോള്‍ തന്നെ ജഡ്ജിമാര്‍ക്ക് അധികാരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല