സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഉടനടി കൊണ്ടു വരാന്‍ പോകുന്ന കര്‍ശനമായ നിയമം അനുസരിച്ച്, സാധാരണ അസുഖങ്ങള്‍ക്ക് സിക്ക്നെസ്സ് ബെനെഫിറ്റുകള്‍ ലഭ്യമല്ലാതെയാകും. ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനായി സിക്ക്നെസ്സ് ബെനെഫിറ്റുകള്‍ ഉപയോഗിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം. സിക്ക്നെസ്സ് ബെനെഫിറ്റ് സിസ്റ്റം കൂടുതല്‍ കര്‍ക്കശമാക്കി ഈയിനത്തിലെ ചെലവ് കുറയ്ക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
ചെറിയ രീതിയിലുള്ള ഉത്കണ്ഠ പോലുള്ള രോഗങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആനുകൂല്യങ്ങള്‍ ഉപയോഗിക്കാനാവില്ല. ജീവിതത്തില്‍ സാധാരണയായി ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ച്ചകളെ, ജോലി ചെയ്യുന്നതില്‍ നിന്നും ആളുകളെ തടയുന്ന ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളായി കാണാനാകില്ലെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്ട്രൈഡ് പറഞ്ഞു. ദീര്‍ഘകാലം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനുള്ള മാനദണ്ഡം കൂടുതല്‍ കര്‍ശനമാക്കുവാനാണ് തീരുമാനം.
ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ മാത്രമെ ഈ ആനുകൂല്യം ഉപയോഗിക്കൂ എന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതനുസരിച്ച്, ചെറിയ രീതിയിലുള്ള ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ദീര്‍ഘകാലം ജോലിയില്‍ നിന്നും വിട്ടു നില്ക്കാന് ആകില്ല. അടുത്ത വര്‍ഷം മുതലായിരിക്കും ഈ മാറ്റം പ്രാബല്യത്തില്‍ വരിക എന്ന് സ്ട്രൈഡ് ബി ബി സിയോട് പറഞ്ഞു.
എന്നാല്‍, ഏതാണ് ഗുരുതരമായ രോഗാവസ്ഥ എന്ന് നിശ്ചയിക്കുന്നതില്‍ ഏറെ ശ്രദ്ധ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ നമ്മള് ഗുരുതര മാനസികാരോഗ്യ പ്രശ്നം എന്ന് തരം തിരിച്ചവയും മരുന്നുകള്‍ ഉപയോഗിക്കേണ്ട സാഹചര്യം സൃഷ്ടിച്ചവയുമെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുമോ എന്ന് വിശദമായി തന്നെ പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല