സ്വന്തം ലേഖകൻ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിൽ വോട്ടർപട്ടികയിൽ ഉള്ളത് 89,839 പ്രവാസി വോട്ടർമാർ. ഇവരിൽ കൂടുതൽ പേരും വിവിധ ജി.സി.സി രാജ്യങ്ങളിൽ കഴിയുന്നവരാണ്. തെരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോഴേക്കും പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തിവരികയാണ് പ്രവാസീ സംഘടനകൾ. കുവൈത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് എന്നിവ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കെ.എം.സി.സിയും തങ്ങളുടെ വോട്ടർമാരെ നാട്ടിൽ എത്തിക്കാനുള്ള തയാറെടുപ്പുകൾ നടത്തിവരുന്നു. അവധിക്ക് നാട്ടിൽ പോകാൻ തെരഞ്ഞെടുപ്പ് സമയം തിരഞ്ഞെടുത്തവരും ഉണ്ട്.
മുൻ വർഷങ്ങളിലെ പോലെ പ്രത്യേക വിമാനം ഏർപ്പെടുത്തി വോട്ടർമാരെ നാട്ടിലെത്തിക്കാനും ആലോചനയുണ്ട്. ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ വിമാനങ്ങൾ ചാർട്ടർ ചെയ്ത് വോട്ടർമാരെ നാട്ടിലെത്തിക്കാനാകും ശ്രമം. ഇതിനായി വോട്ടർ പട്ടിക പരിശോധിച്ച് വോട്ടുള്ള പ്രവാസികളെ കണ്ടെത്തിവരികയാണ്. കുവൈത്തിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി 20 മണ്ഡലം കൺവെൻഷനുകളും പൂർത്തീകരിച്ചിട്ടുണ്ട്. ഒ.ഐ.സി.സി ഞായറാഴ്ച പ്രത്യേക പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്.
സ്ഥാനാർഥികൾ കൺവെൻഷനുകളിൽ ഓൺലൈനായി വന്ന് നാട്ടിലെത്തി വോട്ട് ചെയ്യാനാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. മൊത്തം 89,839 പ്രവാസി വോട്ടർമാരിൽ 83,765 പേർ പുരുഷന്മാരും 6,065 പേർ സ്ത്രീകളും ഒമ്പതുപേർ ട്രാൻസ്ജെൻഡേഴ്സുമാണ്. കോഴിക്കോട്ടുകാരാണ് കൂടുതൽ-35,793 പേർ. തൊട്ടുപിന്നിലുള്ള മലപ്പുറത്തും കണ്ണൂരിലും യഥാക്രമം 15, 121ഉം 12, 876ഉം പ്രവാസി വോട്ടർമാരാണുള്ളത്. വയനാട്ടിൽനിന്നും 779 പ്രവാസീ വോട്ടർമാരാണുള്ളത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 325 പ്രവാസി വോട്ടർമാരാണ് ഇവിടെയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല