സ്വന്തം ലേഖകൻ: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഉറക്കത്തില്‍ നെഞ്ചു വേദനിച്ചു പിടഞ്ഞ ബാസില്ഡണ് മലയാളിയായ കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത ചെങ്ങളം സ്വദേശി ബിനോയ് തോമസ് ഇനി മുതല്‍ പ്രിയപ്പെട്ടവരുടെ കണ്ണീരോര്‍മ്മ. ഒരുറക്കത്തില്‍ ഒരാള്‍ക്ക് ആരോടും ഒന്നും പറയാനാകാതെ ജീവിതത്തില്‍ നിന്നും കടന്നു പോകാനാകും എന്ന ഞെട്ടല്‍ നല്കി യാത്രയായ ബിനോയ് എന്ന ചെറുപ്പക്കാരന് ഇല്ലാതാകുമ്പോള്‍ ആ വേദന ഉള്‍ക്കൊള്ളാനാകാതെ നെഞ്ചലച്ചു കരയുകയാണ് പ്രിയ പത്നി രഞ്ജി.
അപ്പ ഇനി കൂടെയിലെന്ന് പോലും മനസ്സിലാക്കാന്‍ പ്രായമാകാത്ത മൂന്നു പിഞ്ചു കുഞ്ഞുങ്ങളും ചേര്‍ന്ന കുടുംബത്തിന് നാഥനില്ലാതാകുമ്പോള്‍ ആ കാഴ്ച ഏതൊരാളുടെയും കരള്‍ പിടയുകയാണ്. യുകെയിലേക്ക് എത്തുന്ന ഏതൊരാളെയും പോലെ ബിനോയിയും ഭാര്യയെയും മക്കളെയും ചേര്‍ത്ത് പിടിച്ചു നിര്‍ത്തിയത് വലിയ സ്വപ്നങ്ങളോടെയാണ്. ഇനി ആ കരവലയത്തിന്റെ സംരക്ഷണം ഇല്ലാതാകുമ്പോള്‍ ആ നിത്യസത്യം ഉള്‍ക്കൊള്ളാന്‍ രഞ്ജിക്കും മക്കള്‍ക്കും ഏറെകാലം വേണ്ടി വന്നേക്കാം. വെറും 41 വയസ്സിന്റെ നിത്യ യൗവനത്തിലാണ് ബിനോയ് ഹൃദയത്തിന്റെ പിണക്കത്തിന് ഇരയായി മാറിയത് എന്നതും വേദനയുടെ ആഴം കൂട്ടുകയാണ്.
ഉറക്കത്തില്‍ ഒരു പിടച്ചില്‍ തോന്നി എഴുന്നേറ്റ രഞ്ജി സാക്ഷിയായത് ബിനോയിയുടെ പിടച്ചിലാണ്. വേഗത്തില്‍ സി പി ആര് നല്കിയ രഞ്ജി പ്രാണവേദനയോടെ പിടയുന്ന ബിനോയിയുടെ അവസാന നിമിഷങ്ങള്‍ കണ്മുന്നില് കണ്ടതിന്റെ ആഘാതത്തില്‍ നിന്നും ഇപ്പോഴും മോചിതയായിട്ടില്ല. അര്‍ദ്ധ രാത്രിയോടെ പാരാമെഡിക്സിന്റെ സഹായം തേടി രഞ്ജി വിളിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഈ സമയത്തിനകം രഞ്ജിയുടെയും ബിനോയിയുടെയും സുഹൃത്തുക്കളും എത്തി ജീവന് രക്ഷ പ്രവര്‍ത്തനം നടത്തിയതോടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ ആയെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു കാര്യമായ തകരാര്‍ സംഭവിച്ചെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് അതിവേഗം ബസില്‍ഡണ്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് ഒരിക്കലും ബിനോയ് ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല.
എന്നാല്‍ സി ടി സ്കാന്‍ അടക്കമുള്ള പരിശോധനകളില്‍ എന്താണ് ബിനോയിക്ക് സംഭിച്ചതു എന്ന് കണ്ടെത്താന്‍ വൈദ്യ സംഘത്തിന് കഴിഞ്ഞതുുമില്ല. തുടര്‍ന്ന് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ വെനിറ്റിലേറ്റര്‍ സഹായത്തോടെയാണ് ബിനോയിയുടെ ജീവന് നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡോക്ടര്‍മാര്‍ ബിനോയിയുടെ ജീവന് തിരികെ പിടിക്കാന്‍ ശ്രമിക്കുക ആയിരുന്നെകിലും ഒടുവില്‍ മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇക്കാര്യം ബിനോയിയുടെ പത്നിയെയും ബന്ധുക്കളെയും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍മാരുടെ സംഘം. പെട്ടെന്ന് ഉള്‍ക്കൊളളാന്‍ കഴിയുന്ന കാര്യം ആയിരുന്നില്ല എന്നതിനാല്‍ രഞ്ജിയുടെ സമ്മതം ലഭിക്കാന്‍ ഉള്ള കാത്തിരിപ്പിലാണ് മരണം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ താമസം നേരിട്ടത് ഇതിനിടയില്‍ ബിനോയിയുടെ അവയവങ്ങള്‍ നാല് പേരുടെ ജീവിതങ്ങള്‍ക്ക് പുനര്‍ജ്ജന്മം നല്കാന് ഉപയോഗിക്കാമെന്ന ധീരമായ തീരുമാനവും കുടുംബം സ്വീകരിച്ചു. ഇതോടെ മരണത്തിലും ഹീറോ പരിവേഷത്തോടെയാണ് ബിനോയ് കടന്നു പോകുന്നത്.
ബാസില്ഡണ് അടുത്ത ക്ലാക്ടന്‍ ഓണ്‍ സീ എന്ന സ്ഥലത്താണ് ബിനോയിയുയും കുടുംബവും രണ്ടു വര്‍ഷം മുന്‍പ് എത്തിയത്. പ്രദേശത്തെ ഒരു കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് വീസ കരസ്ഥമാക്കി ജോലിക്കു എത്തുകയായിരുന്നു ബിനോയിയുടെ പത്നി. യുകെയില്‍ എത്തിയിട്ട് അധിക കാലം ആകും മുന്‍പേ ജീവിതത്തോട് തന്നെ വിടപറയേണ്ടി വരുന്ന ഹതഭാഗ്യരുടെ പട്ടികയില്‍ എത്തുക എന്നതായിരുന്നു ബിനോയിയുടെ നിയോഗം.
കരിയിലക്കുളം കുടുംബാംഗമായ ബിനോയ് തോമസ് മേരി ദമ്പതികളുടെ മകനാണ്.ഏക സഹോദരന് ബെന്നിച്ചന് ലണ്ടന്‍ അടുത്ത് ചെംസ്ഫോര്‍ഡിലും സഹോദരി ബിന്‍സി കുവൈത്തിലുമാണ് ജോലി ചെയ്യുന്നത്. ഉറ്റ ബന്ധുക്കള്‍ അടക്കം ഒട്ടേറെ പേര് ബിനോയിയുടെ കുടുംബ താവഴിക്കാരായി യുകെയിലുണ്ട് എന്നതാണ് രഞ്ജിക്കും മക്കള്‍ക്കും തീര്വേദനയില് ഏറെ ആശ്വാസമായി മാറുന്നത്. പത്ത് വയസുകാരിയായ മിയ, എട്ട് വയസുകാരന് ആരോണ്‍, നാല് വയസുകാരന് ഇവാന് എന്നിവര്‍ ബിനോയുടെ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല