സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ട്രാഫിക് കുടിശ്ശിക ഇനത്തില്‍ അടച്ചു തീര്‍ക്കാനുള്ള തുക പകുതിയായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 18 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഏപ്രില്‍ 18 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള ആറു മാസമായിരിക്കും പദ്ധതി പ്രാബല്യത്തില്‍ ഉണ്ടാവുക. സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതി രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനും നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ടുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതുപ്രകാരം ഒരു വ്യക്തി ട്രാഫിക് നിയമലംഘനത്തിന് അടയ്ക്കാനുള്ള പിഴത്തുക ഈ പദ്ധതി കാലഘട്ടത്തിനുള്ളില്‍ 50 ശതമാനമായി കുറയും. നിലവിലുള്ള പിഴത്തുകയുടെ നേര് പകുതി മാത്രം അടച്ചാല്‍ മതിയാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ആനുകൂല്യം രാജ്യത്തെ സ്വദേശികള്‍ക്കൊപ്പം രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്കും രാജ്യത്ത് സന്ദര്‍ശകരായി എത്തുന്നവര്‍ക്കും ജിസിസി പൗരന്മാര്ക്കും ഒരു പോലെ ലഭിക്കുമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.
ഇളവ് പദ്ധതി നിലവില്‍ വരുന്ന ഏപ്രില്‍ 18 വരെയുള്ള ട്രാഫിക് പിഴകള്‍ക്കാണ് ഇത് ബാധകമാവുക. പിഴ കുടിശ്ശികയുടെ പകുതി ഒറ്റത്തവണയായി തന്നെ അടക്കണമെന്നില്ല. മറിച്ച് പല തവണകളായോ ഓരോ നിയമലംഘനങ്ങള്‍ക്കുള്ള പിഴ പ്രത്യേകം പ്രത്യേകമായോ അടയ്ക്കാനും അനുവാദമുണ്ട്.
അതേസമയം, ഇളവ് കാലാവധിയില്‍ നാല് ട്രാഫിക് നിയമലംഘനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വാഹനം ഉപയോഗിച്ച് ഡ്രിഫ്റ്റിംഗ് ഉള്‍പ്പെടെയുള്ള അപകടകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കുക, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡുകളില്‍ അതിനേക്കാള്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ വാഹനം ഓടിക്കുക, വേഗത പരിധി മണിക്കൂറില്‍ 140 കിലോമീറ്ററുള്ള റോഡുകളില്‍ അതിനേക്കാള്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ അധിക വേഗതയില്‍ വാഹനമോടിക്കുക തുടങ്ങിയവയാണ് നാല് ഗുരുതര നിയമലംഘനങ്ങള്‍.
ഇത്തരം നിയമ ലംഘനങ്ങളിലൊന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ ആ വ്യക്തിയെ ഇളവ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി. പിഴ ഇളവ് പദ്ധതി ആരംഭിക്കുന്ന ഏപ്രില്‍ 18ന് ശേഷം സംഭവിക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ട്രാഫിക് നിയമത്തിന്റെ എഴുപത്തി അഞ്ചാം വകുപ്പ് പ്രകാരമായിരിക്കും നടപടി. ഇതനുസരിച്ച് പിഴയുടെ 25 ശതമാനം ഇളവ് ലഭിക്കും. അതേസമയം, ഇളവ് കാലാവധിയായ ആറു മാസത്തിനുള്ളില്‍ പണം അടക്കാത്തവര്‍ക്കെതിരേ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയില്‍ നിയമലംഘനങ്ങള്‍ തടയുന്നതിനുമായി ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാ റോഡ് ഉപയോക്താക്കളോടും മന്ത്രാലയം ആഹ്വാനം ചെയ്തു. ഈ സംരംഭം വ്യക്തികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പിഴകള്‍ അടച്ചുതീര്‍ക്കുന്നതിലൂടെ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതിനുള്ള പിന്തുണ നല്‍കുകയും ചെയ്യുന്നതായും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല