സ്വന്തം ലേഖകൻ: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളി യുവതി ആൻ ടെസ ജോസഫ് (21) കോട്ടയം കൊടുങ്ങൂരിലുള്ള രക്ഷിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അച്ഛൻ ബിജു എബ്രഹാമിന്റെ ഫോണിലേക്ക് ആൻ ടെസ വിളിച്ചത്. സുരക്ഷിതരാണെന്നും ആശങ്കപ്പെടാനില്ലെന്നും മകൾ അറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആൻ ടെസ വീട്ടുകാരുമായി അവസാനമായി സംസാരിച്ചത്. പിന്നീട് ഫോൺ ഓഫായി. കപ്പൽ പിടിച്ചെടുത്ത സൈന്യം ജീവനക്കാരുടെ ഫോണുകളും വാങ്ങിയിരുന്നു. ഇതിനാലാണ് ബന്ധപ്പെടാൻ കഴിയാഞ്ഞത്. തിങ്കളാഴ്ച വൈകീട്ടോടെ ഫോൺ ജീവനക്കാർക്ക് തിരികെ നൽകിയതോടെയാണ് എല്ലാവരും ബന്ധുക്കളുമായി സംസാരിച്ചത്. ജീവനക്കാരോട് മാന്യമായാണ് സൈന്യം പെരുമാറുന്നതെന്നും എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും ആൻ ടെസ പറഞ്ഞു.
ഇറാനിലെ ഇന്ത്യൻ എംബസി, വിഷയത്തിൽ ഇടപെട്ടെന്നും കപ്പൽ തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നും ആൻ ടെസ ജോലിചെയ്യുന്ന മുംബൈയിലെ എം.എസ്.സി.ഷിപ്പിങ് കമ്പനി അധികൃതർ അറിയിച്ചതായും ബിജു ജോസഫ് പറഞ്ഞു.
മലയാളികളടക്കം മൂന്നുപേർ കപ്പലിൽ ഉണ്ടെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, ആൻ ടെസയടക്കം നാല് മലയാളികൾ ഉണ്ടെന്നും തന്റെ മകളുടെ പേര് വിട്ടുപോയതിൽ വിഷമമുണ്ടെന്നും ബിജു എബ്രഹാം തിങ്കളാഴ്ച പറഞ്ഞിരുന്നു.
ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ആൻ ടെസയുടെ വിവരങ്ങൾ ഉൾപ്പെടുത്തി രണ്ടാമതും വിദേശകാര്യമന്ത്രിക്ക് കത്തയച്ചെന്നും ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും അറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു. എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ഐസക്ക്, ചീഫ് വിപ്പ് എൻ.ജയരാജ് എന്നിവർ തിങ്കളാഴ്ച വിവരമറിഞ്ഞ് വാഴൂരിലെ ആൻ ടെസയുടെ വീട്ടിലെത്തിയിരുന്നു.
നാടിനും കുടുംബത്തിനും ആശ്വാസമായി, ഇറാന് പിടിച്ചെടുത്ത ചരക്കു കപ്പലില്‍ കഴിയുന്ന സുമേഷിന്റെ ഫോണ്‍ വിളിയുമെത്തി. ഞായറാഴ്ചരാത്രി എട്ടുമണിയോടെയാണ് സുമേഷ് വീഡിയോകോള്‍ ചെയ്തത്. രണ്ടുമിനിറ്റില്ത്താഴെ അച്ഛന് ശിവരാമനുമായി സംസാരിച്ചു. താന്‍ സുരക്ഷിതനാണെന്നും ഒരാഴ്ചയ്ക്കകം വീട്ടിലെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും സുമേഷ് അറിയിച്ചതായി അച്ഛന് ശിവരാമന് പറഞ്ഞു. മുംബൈയിലുള്ള അമ്മ മിനി, ഭാര്യ നിഖില, മകള്‍ വൈദേഹി എന്നിവരുമായും അല്പനേരം സുമേഷ് സംസാരിച്ചതായും പറഞ്ഞു.
വടശ്ശേരി ദേവസ്വംതൊടി ശിവരാമന്റെ മകന് സുമേഷാണ് ഇറാന് തടഞ്ഞുവെച്ച, ഇസ്രയേലിന്റെ ഉടമസ്ഥതയിലുള്ള ‘എം.എസ്.സി. ആരിഫ്’ കപ്പലില്‍ കഴിയുന്നത്. ഏപ്രില്‍ 13ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ചരക്കുകപ്പല്‍ ഇറാന് സൈനികര്‍ പിടിച്ചെടുത്തത്. സംഭവത്തിന്റെ തലേന്ന് രാത്രി സുമേഷ് വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് സംഭവശേഷം സഹോദരീഭര്‍ത്താവുമായി ബന്ധപ്പെട്ട് കപ്പലില്‍ അകപ്പെട്ട വിവരവും അറിയിച്ചിരുന്നു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ മുഖേനയാണ് വീട്ടിലേക്ക് വിളിക്കുന്നതെന്നാണ് സുമേഷ് അറിയിച്ചതെന്നും ശിവരാമന് പറഞ്ഞു. ഫോണ്‍വിളിയെത്തിയത് വലിയ ആശ്വാസമാണെന്നും മകന് ഉടന്‍ നാട്ടിലെത്തണമെന്നാണ് പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല