സ്വന്തം ലേഖകൻ: എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേഗോപുര നട തുറന്നതോടെ തൃശ്ശൂരിൽ പൂരത്തിന് വിളംബരമായി. ഇനിയുള്ള 36 മണിക്കൂർ മേളവും പഞ്ചവാദ്യവും ഒഴിയാത്ത പൂരപ്പറമ്പിലേക്ക് ജനസാഗരമൊഴുകും.
രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുംനാഥന്റെ സന്നിധിയിലേക്ക് എത്തിയത്. തകിലിന്റെയും നാദസ്വരത്തിന്റേയും അകമ്പടിയോട് കൂടി പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തിയ ശേഷം അവിടെ നിന്നും പാണ്ടിമേളത്തോടെയാണ് ശ്രീമൂലസ്ഥാനത്ത് എത്തിയത്.
തുടർന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് വലം വച്ച ശേഷമാണ് തെക്കേ ഗോപുര നടന്ന് നെയ്തലക്കാവിലമ്മ പൂര വിളംബരം നടത്തിയത്. വടക്കുംനാഥനെ വണങ്ങി അടിയന്തിര മാരാർ ശംഖ് വിളിച്ചതോടെയാണ് പൂരത്തിന് വിളംബരമായത്. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധനക്ക് ശേഷം രണ്ടുമണിയോടെ തേക്കിൻകാട് മൈതാനിയും പാറമേക്കാവും ഗജവീരന്മാരുടെ തലപ്പൊക്കത്തിന് സാക്ഷിയാകും.
ആകാശത്ത് കുടമാറ്റം നടത്തുന്ന ഡാൻസിങ് അംബ്രലയാണ് ഇത്തവണ തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിന്റെ താരമെന്നാണ് അധികൃതർ പറയുന്നത്. ഓലപ്പടക്കം, ഗുണ്ട്, കുഴിമിന്നൽ എന്നിവയും പ്രയോഗിക്കും. ആകാശത്ത് ഹൃദയത്തിന്റെ ആകൃതിയിൽ വിരിയുന്ന ‘പ്രേമലു’ സ്പെഷൽ അമിട്ടാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്. ആകാശത്തു പൊട്ടിവിരിഞ്ഞ ശേഷം താഴേക്ക് ഊർന്നിറങ്ങുന്ന ‘ഗുണ കേവും’ സ്പെഷൽ അമിട്ടിലുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ദൗത്യമായ ‘ഗഗൻയാന്റെ’ പേരിലും അമിട്ടുകളുണ്ട്.
തിരുവമ്പാടിക്കും പാറമേക്കാവിനും വെടിക്കെട്ടിന് ഒരേ ലൈസൻസിയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പൂരത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇരു വിഭാഗങ്ങൾക്കും ഒരേ വെടിക്കെട്ടു ചുമതലക്കാരൻ. മുണ്ടത്തിക്കോടു സ്വദേശി പി.എം.സതീശിനാണു ചുമതല. ലൈസൻസി ഒന്നാണെങ്കിലും വെടിക്കെട്ടിന്റെ വ്യത്യസ്തതയും ആവേശവും കുറയില്ലെന്നു പൂരപ്രേമികൾ പറയുന്നു.
മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് ( പൂരം നക്ഷത്രത്തിലുംകൂടി ഉൾപ്പെട്ട്0 പൂരം ആഘോഷിക്കുന്നത്. പാറമേൽക്കാവിൽ ഭഗവതി (തിരുമന്ധാംകുന്ന് ഭഗവതിയും സഹോദരി കൊടുങ്ങല്ലൂരമ്മയും ) തിരുവമ്പാടി ഭഗവതിയും ചേർന്ന് നടത്തുന്ന കുടമാറ്റത്തിന് അണിചേരുന്നത് വടക്കും നാഥ ക്ഷേത്ര മൈതാനത്ത് . തൃശൂർ പൂരത്തിന് 200 വയസ്സ് കഴിഞ്ഞിരിക്കുന്നു!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല