സ്വന്തം ലേഖകൻ: മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍. ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കുന്നത്.
മണിക്കൂറില്‍ പരമാവധി 320 കിലോമീറ്റര്‍ വേഗത്തില്‍ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. വന്ദേഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ പരമാവധി 220 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. 54 സെക്കന്‍ഡിനുള്ളില്‍ നൂറുകിലോമീറ്റര്‍ വേഗം കൈവരിക്കാനാകുന്ന ട്രെയിനുകളാണ് നിര്മാണത്തിലുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.
തദ്ദേശീയ സാങ്കേതികവിദ്യയും ആഭ്യന്തരോത്പാദനവും കൂടുതലായി പ്രയോജനപ്പെടുത്തിയാണ് നിര്‍മാണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജപ്പാന്റെ സഹകരണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പടിഞ്ഞാറന്‍ ഇടനാഴിക്ക്് ബദലായിട്ടാണ് മറ്റ് മൂന്ന് റെയില്‍വേ ഇടനാഴികളിലും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിക്കുക.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്പദ്ധതിക്കായി ജപ്പാന് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് ഏജന്‍സി 40,000 കോടി രൂപയാണ് വായ്പ നല്‍കിയത്. മൊത്തം പദ്ധതിച്ചെലവ് 1.08 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്ന നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (എന്‍.എച്ച്.എസ്.ആര്.സി.എല്‍.) അടുത്തിടെ 300 കിലോമീറ്റര്‍ തൂണുകളുടെ പണി പൂര്‍ത്തിയായതായി പ്രഖ്യാപിച്ചിരുന്നു. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്ഥലമെടുപ്പ് ജനുവരിയില്‍ പൂര്‍ത്തിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല