സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോയിലാണ് 2024 ലെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ എന്ന പദവി സ്വന്തമാക്കിയത്.
ഇതോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്, മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട് എന്നീ പുരസ്‌കാരങ്ങളും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ് എന്ന പദവി തുടര്‍ച്ചയായി രണ്ടാം തവണയും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് എന്ന പദവി തുടര്‍ച്ചയായ പത്താം തവണയുമാണ് ഖത്തറിലെ ഹമദ് എയര്‍പോര്‍ട്ട് സ്വന്തമാക്കിയത്. 500-ലധികം ആഗോള വിമാനത്താവളങ്ങളോട് മത്സരിച്ചാണ് ഖത്തറിന്റെ ഈ നേട്ടങ്ങള്‍.
ലോകമെമ്പാടുമുള്ള യാത്രക്കാരെ തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കുന്ന, പ്രവര്‍ത്തന മികവിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇത് ശ്രദ്ധേയമായ നേട്ടമാണെന്ന് കിരീടനേട്ടത്തെ കുറിച്ച് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.
ലോകത്തെ മികച്ച എയര്‍പോര്‍ട്ട് വിഭാഗത്തില്‍ സിയോളിലെ ഇഞ്ചിയോണ്‍ എയര്‍പോര്‍ട്ടാണ് മൂന്നാം സ്ഥാനം നേടിയത്. അതേസമയം, 2024 ലെ ലോകത്തിലെ ഏറ്റവും കുടുംബ സൗഹൃദ വിമാനത്താവളമായി അത് അംഗീകരിക്കപ്പെടുകയും ചെയ്തു. ടോക്കിയോയിലെ ഹനേഡ, നരിത വിമാനത്താവളങ്ങള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. മിഡിലീസ്റ്റിലെ മറ്റൊരു എയര്‍പോര്‍ട്ടായ യുഎഇയിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ വര്‍ഷത്തെ 17-ാമത് സ്ഥാനത്ത് നിന്ന് ഇത്തവണ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ മാത്രമാണ് സ്ഥാനം പിടിച്ചത്. ഡല്‍ഹി വിമാനത്താവളം പട്ടികയില്‍ 36-ാം റാങ്ക് നിലനിര്‍ത്തി. 2023ല്‍ 69-ാം സ്ഥാനത്തുണ്ടായിരുന്ന ബെംഗളുരു വിമാനത്താവളം 10 റാങ്ക് ഉയര്‍ന്ന് 59ല്‍ എത്തി. ലോകത്തിലെ ഏറ്റവും മികച്ച 65-ാമത്തെ എയര്‍പോട്ടായിരുന്ന ഹൈദരാബാദ് വിമാനത്താവളവും 61-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം 84-ാം സ്ഥാനത്തുണ്ടായിരുന്ന മുംബൈ വിമാനത്താവളം ഇത്തവണ 95-ാം സ്ഥാനത്തേക്ക് താഴുകയാണ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല