
സ്വന്തം ലേഖകൻ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കാൻ ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.
കാലാവസ്ഥ മോശമായതോടെ 1,240-ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. 41-ഓളം വിമാനങ്ങൾ വഴിതിരിച്ചുംവിട്ടു. വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച് അതാത് എയർലൈനുകളുടെ സ്ഥിരീകരണത്തിന് ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച ആരംഭിച്ച മഴയെത്തുടർന്ന് റൺവേയിൽ വെള്ളം കയറിയതിന് പിന്നാലെയാണ് ക്രമീകരണങ്ങൾ.
പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ യുഎഇയിലെ അധികൃതർ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ദുബായ് വിമാനത്താവളത്തിലുള്ള ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിന് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. 24×7 പ്രവർത്തിക്കുന്ന +971501205172, +971569950590, +971507347676, +971585754213 നമ്പറുകൾ എംബസി തങ്ങളുടെ ഔദ്യോഗിക എക്സ് പേജ് വഴി പുറത്തുവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല