സ്വന്തം ലേഖകൻ: പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാല് മണിക്കൂർ വൈകി ആരംഭിച്ചു. ആദ്യം പാറമേക്കാവിന്റെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടന്നത്. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്.
പോലീസിന്റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി അടക്കമുള്ളവർ രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയിരുന്നു.
വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിർദേശം പ്രതിഷേധത്തിനിടയാക്കി. കമ്മിറ്റിക്കാരെ ഇവിടേക്ക് കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാൽ, നടുവിലാൽ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചു.
വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ റോഡ് അടച്ച് പോലീസ് ആളുകളെ തടഞ്ഞതും തര്‍ക്കത്തിനിടയാക്കി. ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണർ അങ്കിത് അശോകും ദേശക്കാരും തമ്മിൽ തർക്കമുണ്ടായി.
വെടിക്കെട്ടിന് പോലീസ് രാജെന്ന് തിരുവമ്പാടി വിഭാഗം ആരോപിച്ച് രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിർത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല