സ്വന്തം ലേഖകൻ: റസിഡന്‍സി നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനോ ഫീസ് അടച്ച് അവരുടെ താമസം നിയമപ്രകാരമാക്കുന്നതിനോ ഉള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് കുവൈത്ത് അധികൃതര്‍. പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയത്ത് അവര്‍ താമസിക്കുന്ന ഗവര്‍ണറേറ്റിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ എത്താനാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെയും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി എട്ടു മണി വരെയുള്ള സമയത്തുമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ ആവശ്യമായ രേഖകളുമായി എത്തിച്ചേരേണ്ടത്. പുതിയ പാസ്പോര്ട്ടുകളോ യാത്രാ രേഖകളോ ഉള്ളവര്‍ മുബാറക് അല്‍-കബീര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലെ റസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റുകളിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ അത്തരം രേഖകള്‍ രജിസ്റ്റര്‍ ചെയ്യണം.
രാജ്യത്ത് 2020 മുതല്‍ നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ രാജ്യം വിടുന്നതിനോ നിശ്ചിത തുക അടച്ച് സ്റ്റാറ്റസ് ക്രമീകരിച്ച് രാജ്യത്ത് തുടരാനുമായി 2024 മാര്‍ച്ച് മാര്‍ച്ച് 17 മുതല്‍ 2024 ജൂണ്‍ 17 വരെ മൂന്ന് മാസത്തെ പൊതുമാപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. റമദാന് മാസത്തിനു മുന്നോടിയായിട്ടായിരുന്നു ഈ പ്രഖ്യാപനം. മലയാളികള്‍ ഉള്‍പ്പെടെ 1,20,000 ത്തിലധികം പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യം വിടുന്നവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി വീണ്ടും കുവൈത്തിലേക്ക് തിരിച്ചെത്താനുള്ള അവസരവും പൊതുമാപ്പ് കാലയളവില്‍ നല്‍കും.
പൊതുമാപ്പ് കാലയളവിന് ശേഷവും നിബന്ധനകള്‍ പാലിച്ച് രാജ്യം വിടുകയോ പിഴയൊടുക്കി സ്റ്റാറ്റസ് ക്രമപ്പെടുത്തുകയോ ചെയ്യാത്തവര്‍ക്കെതിരെ നാടുകടത്തലും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തലും ഉള്‍പ്പെടെ കര്‍ശനമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നിയമലംഘനത്തിന് പിടിക്കപ്പെട്ട 42,850 പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല