സ്വന്തം ലേഖകൻ: രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന ചട്ടത്തില്‍ ഇളവ് വരുത്തി ഭൂട്ടാന്. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഭൂട്ടാന് വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിരുന്നത്. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇപ്പോള്‍ സഞ്ചാരികള്‍ക്കുള്ള ബുദ്ധിമുട്ടും സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും പരിഗണിച്ചാണ് ഇന്‍ഷുറന്‍സ് ചട്ടത്തില്‍ ഇളവ് വരുത്തുന്നതെന്ന് ഭൂട്ടാന് ടൂറിസം വകുപ്പ് വ്യക്തമാക്കി.
നിയമത്തില്‍ ഇളവ് വരുത്തിയെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ പരിഗണിച്ച് ടൂറിസ്റ്റുകള്‍ യാത്രാ ഇന്‍ഷൂറന്‍സുകള്‍ തുടര്‍ന്നും എടുക്കണമെന്നും ഭൂട്ടാന് ടൂറിസം വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഇന്‍ഷുറന്‍സ് നിയമത്തില്‍ ഇളവ് വരുത്തുന്നതിലൂടെ ഭൂട്ടാനിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പത്തിലാവും എന്നാണ് മെന്നാണ് സഞ്ചാരികളുടെ പ്രതീക്ഷ. അതോടൊപ്പം യാത്രക്കാര്‍ക്ക് യാത്രാ ചിലവുകള്‍ കുറയക്കാനും ഇത് സഹായിക്കും.
ഹിമാലയന്‍ചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. മഹത്തായ മതസാംസ്കാരിക പൈതൃകത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ഭൂട്ടാന് സഞ്ചാരികളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. വര്‍ണശബളിതമായ കൊടിതോരണങ്ങളാല്‍ അലംകൃതമായ വഴികള്‍. ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായ വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. ഒപ്പം അനുഗ്രഹീതമായ പ്രകൃതിയും ഭൂട്ടാനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും, സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ സൗന്ദര്യവും, മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. തിംഫുവാണ് തലസ്ഥാനമെങ്കിലും രാജ്യത്തെ ഏക രാജ്യാന്തര വിമാനത്താവളം രണ്ടാമത്തെ നഗരമായ പാറോ താഴ് വരയിലാണ്.
മലഞ്ചെരുവില്‍ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ലോകത്തിലെ വിമാനം ഇറക്കാന്‍ ഏറ്റവും വെല്ലുവിളിയുള്ള എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ്. ആകെ 20 ല്‍ താഴെ പൈലറ്റുമാര്‍ക്ക് മാത്രമാണ് അവിടെ വിമാനം ഇറക്കാനുള്ള അംഗീകാരമുള്ളത്. ഇന്ത്യയില്‍ ഡല്‍ഹി, ഗുവാഹാട്ടി, ബെഗ്ദോഗ്ര എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഭൂട്ടാന് എയര്‍ലൈന്‍സ് സര്‍വീസുണ്ട്. വിമാനയാത്ര ചെലവേറിയതും കാലാവസ്ഥയെ ആശ്രയിച്ചുമാണിരിക്കുന്നത്.
ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നുള്ള യാത്രയാണ് റോഡ് മാര്‍ഗം ഏറ്റവും എളുപ്പം. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ മൂന്നു രാജ്യക്കാര്‍ക്ക് പെര്‍മിറ്റ് എടുത്താല്‍ മതി. ബാക്കി ഏത് രാജ്യക്കാര്‍ക്കും വീസ വേണം. പെര്‍മിറ്റിന് അപേക്ഷിക്കാന്‍ വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും. അതേ സമയം ഡ്രൈവിങ് ലൈസന്‍സും പാന്‍ കാര്‍ഡും അംഗീകരിക്കില്ല.
കേരളത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞ ചിലവില്‍ അവിടെ എത്താന്‍ കോയമ്പത്തൂരില്‍ നിന്ന് ബെഗ്ദോഗ്രയിലേക്ക് നേരത്തെ ബുക്ക് ചെയ്താല്‍ താരതമ്യേന കുറഞ്ഞ നിരക്കിന് വിമാനടിക്കറ്റ് കിട്ടും. ഇനി അതല്ലെങ്കില്‍ ട്രെയിന്‍ മാര്‍ഗം ചെന്നൈയിലെത്തി അവിടെ നിന്ന് കൊല്‍ക്കത്തയിലെത്തി വീണ്ടും ട്രെയിന്‍മാര്‍ഗം സിലിഗുഡിയിലെത്തി ഭൂട്ടാനിലേക്ക് വീണ്ടും റോഡ് മാര്‍ഗം എത്തണം. അല്ലെങ്കില്‍ കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്ത ബെഗ് ദോഗ്ര വഴിയെത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല