സ്വന്തം ലേഖകൻ: ഗൾഫ് പ്രവാസികൾക്കിടയിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് മെച്ചപ്പെട്ട തൊഴിൽ തേടി പോകുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകൾ. ഗൾഫ് നാടുകളിൽ ദീർഘകാലം ജോലി ചെയ്തവർ വരെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോകുന്നു. ഇവരിൽ വലിയൊരു വിഭാഗം നഴ്സിങ് മേഖലയിൽ പെട്ടവരാണ് ഇത്തരത്തിൽ അന്യദേശങ്ങളിൽ ചേക്കേറുന്നത്. മികച്ച ശമ്പളം, കൃത്യമായ ജോലി, സുസ്ഥിരത എന്നിവയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് മലയാളികൾ കുടിയേറാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ. ഈ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും അവരുടെ കുടുംബങ്ങളെയും കൂടെ കൊണ്ടുപോയി ആ രാജ്യത്ത് തന്നെ സ്ഥിരതാമസമാക്കുന്നു.
മുൻപ് യുഎസ്, യുകെ എന്നിവിടങ്ങളിലേക്കായിരുന്നു കുടിയേറ്റം കൂടുതലും. ഇപ്പോൾ അയർലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ ഉദ്യോഗാർഥികൾ പോകുന്നത്. നാട്ടിൽ നിന്ന് നേരിട്ട് ഇത്തരം രാജ്യങ്ങളിലേക്ക് പോകുന്നതിനേക്കാൾ ബഹ്റൈൻ പോലുള്ള രാജ്യങ്ങളിൽ ജോലി ചെയ്തവർക്ക് അയർലൻഡ് പോലുള്ള രാജ്യങ്ങളിൽ കൂടുതൽ ജോലി സാധ്യത ലഭിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് നഴ്സിങ് മേഖലയിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്ത പരിചയവും ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യവും ഇവിടെ നിന്നുള്ള ജോലി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കാൻ കാരണമാകുന്നു. നിലവിൽ, നല്ല പരിചയസമ്പന്നരായ നഴ്സുമാർക്ക് അയർലണ്ടിൽ പ്രതിമാസം 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്യപ്പെടുന്നു.
ഗൾഫ് നാടുകളിൽ പല ജോലികളിലും സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതും ജീവിതച്ചെലവ് വർധിച്ചതുമാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറാൻ പല ഉദ്യോഗാർഥികളെയും പ്രേരിപ്പിക്കുന്നത്. ബഹ്റൈനിൽ നഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്ന പലർക്കും ഇപ്പോൾ ശമ്പളം വളരെ കുറവാണ്, ജോലിഭാരവും കൂടുതലാണ്. ഭാവിയിൽ ഈ രംഗത്തും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സാധ്യതയുള്ളതിനാൽ, നിലനിൽപ്പ് ആശങ്കാജനകമായ സാഹചര്യത്തിലാണ് ഈ നഴ്സുമാർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല