സ്വന്തം ലേഖകൻ: അടുത്ത ഏതാനും ആഴ്ച്ചകളില്‍ കാണാനിരിക്കുന്നത് ഹീത്രൂ വിമാനത്താവളത്തിലെ വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാരുടെ പണിമുടക്കാണ്. പല വിമാനങ്ങളും വൈകുവാനോ റദ്ദാക്കപ്പെടാനോ ഇടയുള്ളതിനാല്‍, യാത്ര ആസൂത്രണം ചെയ്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. എപ്പോഴൊക്കെയാണ് സമരം, എന്തൊക്കെ തടസ്സങ്ങള്‍ക്കാണ് സാധ്യത, ഏതെല്ലാം വിമാനക്കമ്പനികളെയാണ് സമരം ബാധിക്കുക തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.
മെയ് 4 ശനിയാഴ്ച, 5 ഞായര്‍, 6 തിങ്കള്‍ (ബാങ്ക് ഹോളിഡെ) ദിനങ്ങളിലാണ് 50 ഓളം വരുന്ന റീഫ്യുവലിംഗ് ജീവനക്കാരുടെ പണിമുടക്ക്. തങ്ങളുടെ അംഗങ്ങളുടെ സമരം യാത്രക്കാര്‍ക്ക് വന്‍ തോതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് യുണൈറ്റ് യൂണിയന് പറയുന്നു. എ എഫ് എസ് എന്ന ഏവിയേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരാണ് സമരത്തിനിറങ്ങുന്നത്. 2024 ജനുവരിക്ക് ശേഷം നിയമിക്കപ്പെട്ട പുതിയ ജീവനക്കാര്‍ക്കുള്ള പെന്ഷന്, സെക്ക് ബെനെഫിറ്റ് എന്നിവ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതാണ് സമര കാരണം.
തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബദല്‍ സംവിധാനമൊരുക്കാാന്‍ എ എഫ് എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഹീത്രൂ വിമാനത്താവളാധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക്, ആത്മവിശ്വാസത്തോടെ ഹീത്രുവില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും, യാത്രകള്‍ക്ക് തടസ്സം വരാതിരിക്കാന്‍ ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും വിമാനത്താവളാധികൃതര്‍ അറിയിച്ചു. എന്നാല്‍, ഈ സമരം ഒട്ടുമിക്ക വിമാനക്കമ്പനികളേയും ബാധിച്ചേക്കാം എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനോടൊപ്പം വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന 800 ഓളം ജീവനക്കാരും പണിമുടക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് കണക്ടിംഗ് ഫ്ളൈറ്റുകള്‍ പിടിക്കാന്‍ സഹായിക്കുന്ന പാസഞ്ചര്‍ സര്‍വ്വീസസ്, ട്രോളി ഓപ്പറേഷന്‍സ്, ക്യാമ്പസ് സെക്യൂരിറ്റി, അഗ്നിശമന പ്രവര്‍ത്തകര്‍, എയര്‍സൈഡ് ഓപ്പറേഷന്‍സ് എന്നീ വകുപ്പുകളിലെ ജീവനക്കാര്‍ യഥാക്രമം മെയ് 7, 8, 9, 10, 11, 12, 13 തീയതികളില്‍ പണി മുടക്കുമെന്നും യുണൈറ്റ് യൂണിയന് അറിയിച്ചിട്ടുണ്ട്. ഈ സമരങ്ങള്‍ വിമാനത്താവളത്തില്‍ വ്യാപകമായി പല തടസ്സങ്ങളും സൃഷ്ടിക്കുമെന്നും യാത്രകള്‍ വൈകാനോ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും യൂണിയന് അറിയിച്ചിട്ടുണ്ട്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി, പാസഞ്ചര്‍ സര്‍വ്വീസസ്, ട്രോളി ഓപ്പറേഷന്‍സ്, ക്യാമ്പസ് സെക്യൂരിറ്റി എന്നീ മേഖലകള്‍ ജൂണ്‍ 1 മുതല്‍ ഔട്ട്സോഴ്സിംഗ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചതായി യൂണിയന് പറയുന്നു. ഇത് ഹീത്രൂ വിമാനത്താവളത്തിന് 40 മില്യന്‍ പൗണ്ടിന്റെ ലാഭമുണ്ടാക്കുമെന്നും ഹീത്രൂ വിമാനത്താവളാധികൃതര്‍ പറയുന്നു. എന്നാല്‍, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കേണ്ടി വരുമെന്നും ഇത് കടുത്ത സുരക്ഷാ ഭീഷണിക്ക് വഴിയൊരുക്കുമെന്നും യൂണിയന് പറയുന്നു.
തൊട്ടടുത്ത് നറുക്കു വീഴുക തങ്ങള്‍ക്കായിരിക്കും എന്ന ആശങ്കയിലാണ് അഗ്നിശമന പ്രവര്‍ത്തകരും എയര്‍ സൈഡ് ജീവനക്കാരും സമരത്തിനിറങ്ങുന്നതെന്നും യുണൈറ്റ് പറയുന്നു. അവരുടെ മേഖലയിലെ ജോലികള്‍ പുറം കരാര്‍ കൊടുക്കുന്നതിനായിരിക്കും വിമാനത്താവളാധികൃതര്‍ അടുത്തതായി ശ്രമിക്കുക. തൊഴിലാളികളെ പിഴിഞ്ഞ്, വിമാനത്താവള അധികൃതര്‍ക്ക് അമിത ലാഭം ഉണ്ടാക്കുന്നതിനുള്ള നടപടിയെ എതിര്‍ക്കുമെന്നും യൂണിയന് അറിയിച്ചു.
അതേസമയം, ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങള്‍ കൊണ്ടു വരുന്നതെന്നും അതിന്റെ ഫലമായി ആര്‍ക്കും തൊഴില്‍ നഷ്ടം ഉണ്ടാകില്ലെന്നുക്മ് ഹീത്രൂ വക്താവ് പറയുന്നു. ഈ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് യുണൈറ്റ് യൂണിയനുമായി ചര്‍ച്ചകള്‍ നടത്തുമെന്നും വക്താവ് അറിയിച്ചു. ചുരുക്കം ചില ജീവനക്കാരെ മാത്രമെ ഈ മാറ്റങ്ങള്‍ ബാധിക്കുകയുള്ളു എന്നും വക്താവ് അവകാശപ്പെടുന്നു.
അതേസമയം, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരും സമരത്തിനിറങ്ങുകയാാണ്. ടെര്‍മിനല്‍ 2, 3, 4, 5 എന്നിവിടങ്ങളിലെ അതിര്‍ത്തി രക്ഷാ സൈനികര്‍ യഥാക്രമാം ഏപ്രില്‍ 29, 30, മെയ് 1, 2 തീയതികളിലായിരിക്കും പണിമുടക്കുക. ഈ സമരം കൂടുതലായി ബാധിക്കുക, ഹീത്രൂവില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ആയിരിക്കും.
പുതിയ റോസ്റ്ററ്റ് പ്ലാന്‍ പ്രാബല്യത്തില്‍ വന്നാല്‍, പാസ്സ്പോര്‍ട്ട് കണ്ട്രോളിലെ 250 ഓളം ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും എന്നതാണ് ഇവരെ സമരത്തിന് പ്രേരിപ്പിക്കുന്നത്. യൂണിയന്റെ തീരുമാനം നിരാശാജനകമാണെന്ന് പറഞ്ഞ ഹോം ഓഫീസ് പ്രതിനിധി, ഒരു പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല