സ്വന്തം ലേഖകൻ: വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി പറഞ്ഞു. 100 ശതമാനം വിവിപാറ്റുകളും എണ്ണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. വോട്ടിംഗ് മെഷീന്റെ സുതാര്യത കോടതി ശരിവച്ചു. ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയത്തിന് ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
സാങ്കേതിക കാര്യങ്ങളില്‍ ചില നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വച്ചു. ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന യൂണിറ്റ് സീല്‍ ചെയ്ത് ഇവിഎമ്മിനൊപ്പം സൂക്ഷിക്കും. ഫലം പ്രഖ്യാപിച്ച ശേഷം 45 ദിവസം വരെ അത് സൂക്ഷിക്കാനുള്ള അവസരമുണ്ടാക്കും.
തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഇവിഎമ്മിന്റെ മെമ്മറി പരിശോധിക്കാന്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യപ്പെടാം.
ഇവിഎം മെഷീനുകള്‍ നിര്‍മിച്ച കമ്പനികള്‍ അത് പരിശോധിക്കും. ഇതിന്റെ ചെലവ് സ്ഥാനാര്‍ഥികള്‍ വഹിക്കും.കൃത്രിമമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഈ പണം തിരികെ നല്‍കും. സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനൊപ്പം ബാര്‍ കോഡ് വയ്ക്കുന്ന കാര്യം പരിശോധിച്ചുകൂടേയെന്നും കോടതി ചോദിച്ചു. കോടതി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ മേയ് ഒന്ന് മുതല്‍ പ്രാവര്‍ത്തികമാകുമെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല