സ്വന്തം ലേഖകൻ: പ്രളയത്തെ തുടർന്ന് അടച്ച ഷാർജയിലെ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും 29 മുതൽ തുറന്നു പ്രവർത്തിക്കും. ശുചീകരണ പ്രവർത്തികൾ പൂർത്തിയാക്കി അണുവിമുക്തമാക്കിയ ശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു.
പ്രളയത്തിനുശേഷം 22 മുതൽ 25 വരെ ഓൺലൈനിലായിരുന്നു ക്ലാസുകൾ. എന്നാൽ മഴക്കെടുതിയിൽ പല കെട്ടിടങ്ങളിലും വൈദ്യുതി നിലച്ചതിനാൽ ഒട്ടേറെ കുട്ടികൾക്ക് ഇ–ലേണിങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ആഴ്ചയിലെ മഴയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധയിൽപെട്ട കുടിവെള്ള, വൈദ്യുതി തടസ്സങ്ങൾ അതിവേഗം പരിഹരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. അതോടൊപ്പം മഴവെള്ളം കൂടിക്കലർന്നതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ സുരക്ഷ ഉറപ്പുവരുത്തിയതായി ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
ഇതുസംബന്ധിച്ച് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവുമാണ് സംയുക്ത പ്രസ്താവന നടത്തിയത്. രാജ്യത്തിന്റെ വളരെ ചുരുക്കം പ്രദേശങ്ങളിലാണ് മഴവെള്ളം കൂടിക്കലരുന്ന രീതിയിൽ ഭൂഗർഭ ടാങ്കുകളിൽ ലീക്കുകൾ ഉണ്ടായതെന്നും പ്രസ്താവനയിൽ പറഞ്ഞു. വിദഗ്ധരുടെ സംഘം ടാങ്കുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ഉപഭോഗത്തിന് അനുയോജ്യമാണോയെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്ന അംഗീകൃത ലബോറട്ടറികളിൽ പരിശോധന നടത്തിയാണ് ഇത് ചെയ്തിട്ടുള്ളത്. മിശ്രജലം കാരണം രോഗികളായ ചുരുക്കം ആളുകൾക്ക് ആവശ്യമായ ചികിത്സ നൽകുകയും അവരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട് -പ്രസ്താവന വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല