സ്വന്തം ലേഖകൻ: ബോര്‍ഡര്‍ ഫോഴ്സിന്റെ ഇലക്ട്രോണിക് പാസ്സ്പോര്‍ട്ട് കണ്ടോള് ഗെയ്റ്റുകള്‍ പണിമുടക്കിയതോടെ ബ്രിട്ടനിലെ ചുരുങ്ങിയത് അഞ്ച് പ്രധാന വിമനത്താവളങ്ങളിലും ലണ്ടനിലെ യൂറോസ്റ്റാര്‍ ടെര്‍മിനലിലും വന്‍ ക്യൂ പ്രത്യക്ഷപ്പെട്ടു. യു കെയെ മൊത്തത്തില്‍ ബാധിച്ച ഈ പ്രശ്നം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എഡിന്‍ബര്‍ഗ് വിമാനത്താവളത്തിലായിരുന്നു. ഇന്നലെ (ഏപ്രില്‍ 25) ഉച്ചയോടെയായിരുന്നു പ്രശ്നം ശ്രദ്ധയില്‍ പെട്ടത്. എങ്ങനെ അത് പരിഹരിക്കണം എന്നതിനെ കുറിച്ച് ആര്‍ക്കും ഒരു ധാരണയും ഇല്ലായിരുന്നു.
പാസ്സ്പോര്‍ട്ട് കണ്ട്രോള് പ്രക്രിയ സുഗമവും അതിവേഗവും ആക്കുന്നതിനായിട്ടാണ് ഇലക്ട്രോണിക് ഗെയ്റ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയില്‍ യാത്രക്കാര്‍ മുഖം കാണിക്കുകയും പാസ്സ്പോര്‍ട്ട് സ്കാന്‍ ചെയ്യുകയും ചെയ്താല്‍ അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കും. ചിലയിടങ്ങളില്‍, ഈ സിസ്റ്റം വന്നതോടെ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി നടത്തുന്ന പരിശോധനകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിരുന്നു. ചില വിമാനത്താവളങ്ങളില്‍ രണ്ട് രീതികളും പിന്തുടരുന്നുണ്ട്.
ഹീത്രൂ വിമാനത്താവളം, ലണ്ടന്‍ ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ വിമാനത്താവളം, ലണ്ടന്‍ ല്യൂട്ടന്‍, സ്റ്റാന്‍സ്റ്റെഡ് എന്നീ വിമാനത്താവളങ്ങളിലായിരുന്നു പ്രധാനമായും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്. രാജ്യത്തെ ഇലക്ട്രോണിക് ഗെയ്റ്റുകളെ ചില സാങ്കേതിക പ്രശ്നങ്ങള്‍ ബാധിക്കുന്നതായി തങ്ങള്‍ക്ക് അറിയാമെന്നും എത്രയും പെട്ടെന്ന് അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും ഹോം ഓഫീസ് വക്താവ് എക്സ്പ്രസ്സ് യു കെയോട് പറഞ്ഞു. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഹോം ഡിപ്പാര്‍ട്ട്മെന്റ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇലക്ട്രോണിക് ഗെയ്റ്റുകളുടെ സാങ്കേതിക പിഴവുകള്‍ വലിയൊരു പരിധി വരെ പരിഹരിച്ചതായാണ് ഇപ്പോള്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഇപ്പോഴും നീണ്ട ക്യൂ ദൃശ്യമാണ്. കാത്തു നില്ക്കുന്ന യാത്രകകാരെ എത്രയും പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തു വിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല