സ്വന്തം ലേഖകൻ: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണു അറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളില്‍ പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
സംസ്ഥാനത്ത് 12 ജില്ലകളിൽ മഞ്ഞ അലർട്ട് (ഉയർന്ന താപനില മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. പാലക്കാട് (ഉയർന്ന താപനില 41°C വരെയും), കൊല്ലം (40°C), തൃശൂർ (40°C), കോഴിക്കോട് (38°C), കണ്ണൂർ (38°C), ആലപ്പുഴ (37°C), കോട്ടയം (37°C), എറണാകുളം (37°C), മലപ്പുറം(37°C), കാസർകോട് (37°C), പത്തനംതിട്ട (37°C), തിരുവനന്തപുരം(36°C) ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയെക്കാൾ 3-5°C കൂടുതൽ താലപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ 27 മുതൽ മെയ് 01 വരെയുള്ള മുന്നറിയിപ്പാണിത്.
ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന്നതും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കുക.
നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നതിനേയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല