സ്വന്തം ലേഖകൻ: ലോകത്തെ രണ്ട് വലിയ സാമ്പത്തികശക്തികളായ യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികളാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. എന്നാൽ, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഇരുരാജ്യത്തിനുമിടയിലുണ്ടെന്നും ചൈനാസന്ദർശനത്തിനെത്തിയ യുഎസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനോട് അദ്ദേഹം പറഞ്ഞു. ഇക്കൊല്ലം ബ്ലിങ്കന്റെ രണ്ടാം ചൈനാസന്ദർശനമാണിത്.
കഴിഞ്ഞകൊല്ലം യുഎസ്. പ്രസിഡന്റ് ജോ ബൈഡനും താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തിൽ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്ന് ഷി പറഞ്ഞു. “ചൈനയുടെ വികസനത്തെ യുഎസ്. ശരിയായരീതിയിൽ കാണുമെന്നാണ് പ്രതീക്ഷ. ഈ അടിസ്ഥാനപ്രശ്നം പരിഹരിക്കപ്പെട്ടാൽ ബന്ധത്തിൽ സ്ഥിരതയുണ്ടാകും, അത് മെച്ചപ്പെടും, മുന്നോട്ടുപോകും” -ഷി പറഞ്ഞു.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി. യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് നൽകുന്ന പിന്തുണയുൾപ്പെടെ ചൈനയുടെ വിവിധ നിലപാടുകളിലുമുള്ള യുഎസിന്റെ ആശങ്ക ബ്ലിങ്കൻ വാങ്ങിനെ അറിയിച്ചു. എന്നാൽ, യുഎസ്. സമ്മർദം സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് വാങ് മുന്നറിയിപ്പുനൽകി. സ്വയംഭരണപ്രദേശമായ തയ്വാന്റെ കാര്യത്തിൽ യുഎസ്. പരിധി ലംഘിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അർധചാലക ചിപ്പ് കയറ്റുമതിനിരോധനം, ടിക് ടോക് ആപ്പ് നിരോധിക്കാനുള്ള നീക്കം എന്നിവയുൾപ്പെടെ യുഎസിൽനിന്ന് ചൈന പലവിധ സമ്മർദം നേരിടുമ്പോഴാണ് ബ്ലിങ്കന്റെ സന്ദർശനം. മേയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ചൈന സന്ദർശിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല