സ്വന്തം ലേഖകൻ: ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കാനുള്ള തീരുമാനം സൗദിയിൽ നടപ്പാക്കി തുടങ്ങി സ്പെഷ്യലൈസ്ഡ് ട്രാന്സ്പോര്ട്ടേഷന്, എജ്യുക്കേഷനല്‍ ട്രാന്സ്പോര്ട്ടേഷന്, ഇന്റര്‍നാഷനല്‍ ട്രാന്സ്പോര്ട്ടേഷന് എന്നീ ബസ് സര്‍വീസുകള്‍ക്ക് ഇത് ബാധകമാണ്. പുരുഷ ഡ്രൈവര്‍മാര്‍ക്ക് സൗദി ദേശീയ വസ്ത്രം (തോബ്) ഓപ്ഷനലായി ഉപയോഗിക്കാവുന്നതാണ്. തോബിനൊപ്പം ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം.
തോബ് ഉപയോഗിക്കുന്ന ഡ്രൈവര്‍ക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. തൊപ്പി ഉപയോഗിക്കുകയാണെങ്കില്‍ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. തോബ് ഉപയോഗിക്കാത്തവര്‍ നീളന്‍ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂണിഫോം ഷര്‍ട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്സും കറുത്ത ബെല്‍റ്റും കറുത്ത ഷൂസും ആണ് യൂണിഫോം ആയി ധരിക്കേണ്ടത്. ഇത് നിര്‍ബന്ധമാണ്.
വനിതാ ഡ്രൈവര്‍മാര്‍ക്ക് ഓപ്ഷനലായി പര്‍ദ്ദ ഉപയോഗിക്കാവുന്നതാണ്. പര്‍ദ്ദക്കൊപ്പം ഇവര്‍ ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. ഇവര്‍ക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാവുന്നതാണ്. തൊപ്പി ധരിക്കുകയാണെങ്കില്‍ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. പര്‍ദ്ദ ഉപയോഗിക്കാത്തവര്‍ നീളന്‍ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂണിഫോം ഷര്‍ട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്സും കറുത്ത ബെല്‍റ്റും കറുത്ത ഷൂസും ആണ് ധരിക്കേണ്ടത്.
ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടി കമ്പനികള്‍ക്ക് തങ്ങളുടെതായ പ്രത്യേക യൂണിഫോം വികസിപ്പിക്കാവുന്നതാണ്.
യൂണിഫോമിനു പുറമെ ഡ്രൈവര്‍ക്ക് ജാക്കറ്റോ കോട്ടോ ഉപയോഗിക്കാവുന്നതാണ്. ഡ്രൈവറുടെ വസ്ത്രം കൃത്യനിര്‍വഹണം നടത്തുന്നതിന് തടസ്സമാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. യൂണിഫോമിനൊപ്പം ഡ്രൈവര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. പേരും ഫോട്ടോയും ഡ്രൈവര്‍ കാര്‍ഡ് നമ്പറും സ്ഥാപനത്തിന്റെ പേരും എംബ്ലവും തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല