സ്വന്തം ലേഖകൻ: അമേരിക്കയിലെ കാമ്പസുകളിൽ അലയടിക്കുന്ന ഫലസ്തീൻ അനുകൂല പ്രക്ഷോഭത്തിൽ അറസ്റ്റിലായവരിൽ ഇന്ത്യൻ വംശജയും. തമിഴ്നാട്ടിൽ ജനിച്ച അചിന്ത്യ ശിവലിംഗമാണ് അറസ്റ്റിലായത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രിൻസ്റ്റൺ സർവകലാശാലയിൽ പ്രതിഷേധം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഹസൻ സയീദ് എന്ന വിദ്യാർഥി കൂടി അറസ്റ്റിലായിട്ടുണ്ട്. യു.എസിലെ നിരവധി സർവകലാശാല കാമ്പസുകളിൽ വിദ്യാർഥികൾ പ്രതിഷേധ ഭാഗമായി തമ്പ് കെട്ടി താമസം തുടങ്ങിയിട്ടുണ്ട്.
യുഎസിൽ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. ഈ വർഷം ആറോളം ഇന്ത്യൻ, ഇന്ത്യൻ വംശജരായ വിദ്യാർഥികൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യൻ വിദ്യാർഥികളുടെ ക്ഷേമത്തിനായി യുഎസ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിദ്യാർഥികൾക്ക് വീസ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരം പരിഹരിച്ചിട്ടുണ്ട്. മുമ്പ് ഒരു വർഷത്തിലേറെ വിദ്യാർഥികൾക്ക് യുഎസ് വീസയ്ക്കായി കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ, ഇപ്പോൾ ഒമ്പത് മാസം കൊണ്ട് വിദ്യാർഥികൾക്ക് യുഎസ് വീസ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ ക്ഷേമത്തിനായാണ് യുഎസ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ മക്കൾ ഞങ്ങളുടേയും കൂടി മക്കളാണെന്നാണ് രക്ഷിതാക്കളോട് പറയാനുള്ളത്. യുഎസിലെത്തുന്ന വിദ്യാർഥികൾ അവിടെ പഠിക്കുന്നവരുടെ സഹായത്തോടെ പ്രാദേശിക സാഹചര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഗാർസെറ്റിയുടെ പ്രതികരണം.
ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യൻ വിദ്യാർഥികൾ എപ്പോഴും തെരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് യുഎസ്. എന്നാൽ, ഈയടുത്ത് യുഎസിൽ നടന്ന വിദ്യാർഥികളുടെ മരണം ആശങ്കക്കിടയാക്കിയിരുന്നു. ഇന്ത്യൻ എംബസിയുടെ കണക്ക് പ്രകാരം 2,68,923 വിദ്യാർഥികളാണ് 2022-23ൽ യുഎസിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല