സ്വന്തം ലേഖകൻ: പാലക്കാട് ജില്ലയിൽ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം, തൃശൂർ ജില്ലകളിലും താപ തരംഗ മുന്നറിയിപ്പ് ഇന്നും നാളെയും തുടരും. പാലക്കാട് 41°c വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40°c വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, വടക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമിലെന്നും, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
ലക്ഷ്മിയമ്മയെ ഇന്നലെ ഉച്ചയ്ക്ക് ഒന്നര മുതൽ വീട്ടിൽനിന്നും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാർ കനാലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നു രാവിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല