സ്വന്തം ലേഖകൻ: ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മേയ് മൂന്നുവരെ പാലക്കാട് ജില്ലയിൽ താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കൊല്ലം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 – 5°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും.
ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും. സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. അത് മേയ് 15 വരെ നീട്ടും. പകൽസമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല