സ്വന്തം ലേഖകൻ: രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ബുക്കിങ് സംവിധാനം മെച്ചപ്പെടുത്താനുള്ള പദ്ധതിയുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. എച്ച്.എം.സിയുടെ സെന്റർ ഫോർ പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്മെന്റ് (സി.പി.എസ്.ഇ)യുടെ നേതൃത്വത്തിൽ റഫറൽ ആൻഡ് ബുക്കിങ് മാനേജ്മെന്റ് സംവിധാനം പരിശോധിച്ചതിനുശേഷമാണ് മാറ്റങ്ങൾ നടപ്പാക്കിയതെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. പുതിയ മാറ്റങ്ങൾ രോഗികളുടെ റഫറൽ മുതൽ അപ്പോയിൻമെന്റ് വരെയുള്ള ബുക്കിങ് സംവിധാനത്തിൽ വലിയ പുരോഗതിയുണ്ടാക്കും.
ആശുപത്രികൾക്ക് അവരുടെ രോഗികൾക്കുള്ള ബുക്കിങ് അപ്പോയിന്റ്മെന്റുകളിൽ കൂടുതൽ അധികാരമുണ്ടായിരിക്കും. അനാവശ്യ കാലതാമസം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും അപ്പോയിൻമെന്റുകൾക്കായുള്ള കാത്തിരിപ്പ് സമയം കുറക്കുമെന്നും പേഷ്യന്റ് എക്സ്പീരിയൻസ് വിഭാഗം മേധാവിയും ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് തലവനുമായ നാസർ അൽ നഈമി പറഞ്ഞു.
ആംബുലേറ്ററി കെയർ സെന്റർ, ഹമദ് ജനറൽ ആശുപത്രി, അൽ വക്റ ആശുപത്രി, അൽഖോർ ആശുപത്രി, ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ആയിഷ ബിൻത് ഹമദ് അൽ അതിയ്യ ആശുപത്രി, വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ, ബോൺ ആൻഡ് ജോയന്റ് സെന്റർ, ഹമദ് ഡെന്റൽ സെന്റർ എന്നിവയുൾപ്പെടെ എച്ച്.എം.സിയുടെ സൗകര്യങ്ങളിലുടനീളം ആർ.ബി.എം.എസ് (റഫറൽ ആൻഡ് ബുക്കിങ്) സംവിധാനം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ലിനിക്കുകളുടെ ഉപയോഗം വർധിപ്പിക്കുക, ഡോക്ടറുടെ റൂമിൽ നിന്ന് നേരിട്ട് ഫോളോ-അപ് അപ്പോയിൻമെന്റുകൾ ബുക്ക് ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കുക, ഇതിലൂടെ രോഗികളുടെ പരിചരണവും കാര്യക്ഷമതയും വർധിപ്പിക്കുക തുടങ്ങിയവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. റഫറൽ കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽതന്നെ രോഗിക്ക് ആദ്യ അപ്പോയിൻമെന്റ് ലഭിക്കും. 2022 ഫെബ്രുവരിയിൽ 3315 രോഗികൾക്കാണ് ഇപ്രകാരം അപ്പോയിൻമെന്റ് ലഭിച്ചിരുന്നതെങ്കിൽ, 2024 ജനുവരിയിൽ 10,000ലധികം രോഗികൾക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല