സ്വന്തം ലേഖകൻ: മലേഷ്യയിൽ നിന്നും കോഴിക്കോടേക്ക് നേരിട്ടുള്ള വിമാനം ഓഗസ്റ്റ് ഒന്നിന് സർവീസ് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ക്വാലലംപുരേക്കും മൂന്ന് സർവീസുകളിലായാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.
നിലവിൽ ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5900 രൂപയുമാണ് എയർ ഏഷ്യ നിശ്ചയിച്ചിട്ടുള്ള നിരക്ക്. ക്വാലലംപുരിൽ നിന്നും രാത്രി 9.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25ന് കോഴിക്കോടെത്തും. പുലർച്ചെ 12.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7ന് ക്വാലലംപുരിലെത്തും.
നിലവിൽ ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണ് എയർ ഏഷ്യയ്ക്കുള്ളത്. മലബാറിൽ നിന്നുള്ള വിദ്യാർഥികളുൾപ്പടെ നാമമാത്രമായ അവധിക്കെത്തുന്ന മലേഷ്യൻ പ്രവാസികൾക്കും കോഴിക്കോടേക്ക് ആരംഭിക്കുന്ന സർവീസ് ഏറെ ആശ്വാസമാകും.
ഇന്ത്യക്കാർക്ക് മലേഷ്യയിൽ സന്ദർശക വീസ സൗജന്യമാക്കിയതോടെ പല ടൂറിസ്റ്റ് ഏജൻസികളും കോഴിക്കോട് നിന്നും കുറഞ്ഞ ചിലവിൽ മലേഷ്യയിലേക്കുള്ള ടൂറിസ്റ്റ് പാക്കേജുകളും ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല