സ്വന്തം ലേഖകൻ: എമിറേറ്റിലെ സി.എസ്.ഐ വിശ്വാസ സമൂഹത്തിന് നാലര പതിറ്റാണ്ടിന്റെ സ്വപ്ന സാക്ഷാത്കാരം. അബുദാബിയിലെ ആദ്യ സി.എസ്.ഐ ദേവാലയം ഞായറാഴ്ച വിശ്വാസികള്‍ക്കായി തുറന്നു. വൈകീട്ട് 4.30 ന് സി.എസ്.ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ.മലയില്‍ സാബു കോശി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാ ശുശ്രൂഷയോടെയായിരുന്നു ദേവാലയം ആരാധകര്‍ക്കായി തുറന്നുകൊടുത്തത്. ഇടവക വികാരി ലാല്‍ജി എം.ഫിലിപ്പ്, മുന്‍വികാരി സോജി വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബിഷപ്പ് ആദ്യ ആരാധന അര്‍പ്പിച്ചതിനുശേഷം വിശുദ്ധ സംസര്‍ഗ ശുശ്രൂഷ അനുഷ്ഠിച്ചു. 1000 ത്തോളം പേര് ചടങ്ങില്‍ പങ്കെടുത്തു. ലോക സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയുടെ പ്രതീകമെന്നോണം ബിഷപ്പും സ്വാമി ബ്രഹ്മവിഹാരി ദാസും അബ്ദുല്ല അല്‍ തുനൈജി, അഹ്മദ് അല്‍ മന്‍സൂരി എന്നിവര്‍ ചേര്‍ന്ന് ദേവാലയ മുറ്റത്ത് ഒലിവ് തൈ നട്ടു.
പ്രധാന കവാടത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ച ശിലാഫലകം വിശിഷ്ടാതിഥികള്‍ അനാച്ഛാദനം ചെയ്തു. വികാരിമാരെയും സഹവികാരികളെയും സമാപന സമ്മേളനത്തില്‍ ആദരിച്ചു. സഭാവിശ്വാസികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.30 നാണ് ഇവിടെ കുര്‍ബാന.
അബുദാബി അബുമുറൈഖയിലെ കള്‍ചറല്‍ ഡിസ്ട്രിക്ടില്‍ ‘ബാപ്സ്’ ഹിന്ദു ക്ഷേത്രത്തിന് അഭിമുഖമായാണ് സി.എസ്.ഐ ദേവാലയം നിര്‍മിച്ചിരിക്കുന്നത്. മതസാഹോദര്യത്തിന്റെ പ്രതീകങ്ങളായാണ് ഇരുദേവാലയങ്ങളും നിലകൊള്ളുന്നത്. ഇടവകാംഗങ്ങളുടെ 45 വര്‍ഷത്തെ സ്വപ്നമാണ് ഇതോടെ സഫലമായത്.
കാവല്‍ മാലാഖയുടെ ചിറകുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കവാടത്തിന്റെ രൂപകല്പന. അഷ്ടബുജ മാതൃകയിലാണ് നിര്‍മിതി. ഏകദേശം 900 പേര്‍ക്ക് ഇവിടെ ഒരേ സമയം ആരാധന നടത്താം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുവദിച്ച 4.37 ഏക്കര്‍ സ്ഥലത്ത് 12,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 1.1 കോടി ദിര്‍ഹം ചെലവിലാണ് ദേവാലയം നിര്‍മ്മിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല