സ്വന്തം ലേഖകൻ: ലണ്ടനിൽ വാളുമായെത്തി തെരുവിൽ പരാക്രമണം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഹൈനോൾട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. സംഭവം ഭീകരാക്രമണമല്ലെന്ന് പോലീസ് വ്യക്തമാക്കി.
സാമുറായി വാൾ മാതൃകയിലുള്ള ആയുധം കൈയേലേന്തി തെരുവിൽ പരാക്രമണം കാണിക്കുന്ന യുവാവിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളെ കീഴടക്കാൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ദൃശ്യങ്ങളിലുണ്ട്.
രാവിലെ ഏഴ് മണിയോടെ ഒരു വാഹനം വീട്ടിലേക്ക് ഇടിച്ചുകയറ്റുകയും ഇതിലുണ്ടായിരുന്ന ആൾ വീട്ടുകാരെ കത്തികൊണ്ട് കുത്തിയെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇയാൾ രണ്ടു പോലീസുകാരടക്കം നിരത്തിലുള്ളവർക്കുനേരെയും അക്രമണം നടത്തിയിട്ടുണ്ടെന്ന് പിന്നീട് വ്യക്തമായതായി പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
പരിക്കേറ്റവരുടെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു. അഞ്ചോളംപേരെ തങ്ങൾ ആശുപത്രിയിൽ എത്തിച്ചെന്ന് ലണ്ടൻ ആംബുലൻസ് സർവീസ് വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെയായി ലണ്ടനിൽ അക്രമങ്ങൾ വർധിച്ചുവരുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
2023-ലേതിനേക്കാൾ 20 ശതമാനത്തിലധികം അക്രമസംഭവങ്ങൾ വർധിച്ചതായാണ് റിപ്പോർട്ട്. കത്തികൊണ്ടുള്ള ആക്രമണങ്ങളിൽ മാത്രം ഏഴ് ശതമാനത്തിലേറെ വർധനവ് ഇംഗ്ലണ്ടിലും വെയ്ൽസിലും ഉണ്ടായതായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല