1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2024

സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യന്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്‌സി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ച് ഇതുവഴിയാണ് ചെലവുകള്‍ വഹിക്കുക. ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കും. ആരോഗ്യ പരിചരണ സഹായത്തിനുള്ള അഭ്യർഥനകള്‍ കമ്മിറ്റി പഠിക്കുകയും രേഖകള്‍ പരിശോധിക്കുകയും ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യും.

ചികിത്സയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലയിം ചെയ്യുന്നതും കമ്മിറ്റിയായിരിക്കും. സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള ഇന്‍ഷുറന്‍സ് കവറേജ് പരിധി തീര്‍ന്നുപോകല്‍, പോളിസി കാലഹപണപ്പെടല്‍, ഇന്‍ഷുറന്‍സ് രേഖയുടെയോ യാത്രാ രേഖയുടേയോ അഭാവം എന്നിവയും കമ്മിറ്റി വഴി പരഹാരം കാണും.

സന്ദര്‍ശന വീസ, ആശുപത്രി സേവനം ആവശ്യമായി വന്ന അടിയന്തര ആരോഗ്യ സ്ഥിതിയുടെ തെളിവുകള്‍, അടിയന്തര ചികിത്സാ ചെലവുകള്‍ നല്‍കാന്‍ സന്ദര്‍ശകന് കഴിവില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ എന്നിവ സൗജന്യ ചികിത്സ ലഭിക്കാന്‍ സമര്‍പ്പിക്കേണ്ടതാണ്.

പരമാവധി 5,000 റിയാല്‍ ആയിരിക്കും സഹായം ലഭ്യമാകുക. അപേക്ഷകര്‍ക്ക് നല്‍കുന്ന സഹായ തുക സംബന്ധിച്ച കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും. അപേക്ഷകരുടെ മുന്‍ഗണന അനുസരിച്ചായിരിക്കും സഹായം വിതരണം ചെയ്യുക. മതിയായ പണം ലഭ്യമല്ലെങ്കില്‍ കമ്മിറ്റി സഹായ വിതരണം നിര്‍ത്തിയേക്കാമെന്നും ഫിനാന്‍ഷ്യന്‍ സര്‍വീസസ് അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.