സ്വന്തം ലേഖകൻ: ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പലസ്തീന്‍ അനുകൂല പ്രക്ഷോഭം രൂക്ഷമാകുന്നു. വിവിധ യൂണിവേഴ്സിറ്റികളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭകര്‍ നിലയുറപ്പിച്ചിരുന്ന കെട്ടിടങ്ങളില്‍ പോലീസ് അതിക്രമിച്ചു കയറിയതിനു പിന്നാലെ ബുധനാഴ്ച പുലര്‍ച്ചയോടെ പ്രക്ഷോഭകരുമായി ഏറ്റുമുട്ടലുമുണ്ടായി.
കാലിഫോര്‍ണിയ- ലോസ് ആഞ്ജലിസ് സര്‍വകലാശാലയിലും (യുസി.എല്‍.എ) വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലും പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ കെട്ടിയ കൂടാരങ്ങള്‍ പോലീസ് നീക്കിയതോടെ പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. യുസി.എല്‍.എയിലുണ്ടായ ഏറ്റുമുട്ടലില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി സര്‍വകലാശാല അറിയിച്ചു.
വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലും പ്രതിഷേധക്കാർ കെട്ടിയ കൂടാരങ്ങൾ പോലീസ് തകര്‍ത്തത് സംഘർഷത്തിനിടയാക്കി. യുഎസിലെ 30-ഓളം കാമ്പസുകളിൽ പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ കൂടാരങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
യുഎസ് സര്‍വകലാശാലകളില്‍ ഏപ്രില്‍ 16 മുതല്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇതിനോടകം 1,300 വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്ത് നീക്കിയതായാണ് റിപ്പോട്ട്. ഇസ്രയേലുമായുള്ള എല്ലാ ഇടപാടുകളും സര്‍വകലാശാലകള്‍ റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്.
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ പലസ്തീന്‍ അനുകൂല പ്രക്ഷോഭം ബാധിക്കാനിടയുണ്ടെന്ന വിലയിരുത്തലുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിമര്‍ശകരായ യുവ വോട്ടര്‍മാരെ ഗാസയിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രതിഷേധങ്ങൾ സ്വാധീനിക്കാനിടയുണ്ടെന്ന് രാഷ്ടിയ നിരീക്ഷര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല