സ്വന്തം ലേഖകൻ: കൊച്ചിയിൽ നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍. കുഞ്ഞിന്‍റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി.
യുവതി ഗര്‍ഭണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ പുറത്തേക്കെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു റോഡിലൂടെ പോയ ഒരു വാഹനത്തിലെ ഡ്രൈവര്‍ കുറിയര്‍ കവറില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സി.സി.ടി.വിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ബെംഗളൂരുവില്‍ എം.ബി.എ. വിദ്യാര്‍ഥിനിയായിരുന്നു അതിജീവിതയെന്നാണ് പോലീസും ജനപ്രതിനിധികളും നല്‍കുന്ന വിവരം. ഇവിടെനിന്ന് രണ്ടോ മൂന്നോ മാസമേ ആയിട്ടുള്ളൂ നാട്ടിലേക്കെത്തിയിട്ടെന്നാണ് സ്ഥലത്തെ കൗണ്‍സിലര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പറയുന്നത്. ഗര്‍ഭിണിയാണെന്നറിഞ്ഞ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നതാണോ, അതല്ല പഠനം പൂര്‍ത്തിയാക്കി വന്നതാണോയെന്നത് സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.
സി.സി.ടി.വി. ദൃശ്യങ്ങളുണ്ടായിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ ഏത് ഫ്ളാറ്റില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ടായിരുന്നില്ല. കുഞ്ഞിനെ പുറത്തേക്കെറിയാന്‍ ഉപയോഗിച്ച കുറിയര്‍ കവറാണ് പോലീസിന് സഹായകമായത്. ആമസോണ്‍ കവറില്‍ രേഖപ്പെടുത്തിയ ബാര്‍കോഡ് ട്രാക്ക് ചെയ്ത് പോലീസ് മുന്നോട്ടുപോയതോടെ അതിജീവിതയിലേക്ക് പെട്ടെന്നെത്താന്‍ കഴിഞ്ഞു.
യുവതി അതിജീവിതയാണെന്ന് അറിഞ്ഞതോടെ നവജാതശിശുവിന്റെ കൊലപാതകത്തിനപ്പുറം പീഡനക്കേസ് കൂടി അന്വേഷിക്കേണ്ട വിധത്തില്‍ അന്വേഷണ വഴി സങ്കീര്‍ണമാവുകയും ചെയ്തു. സ്വന്തം മകള്‍ ഗര്‍ഭിണിയാണെന്ന് അറിയാതെ പോയ രക്ഷാകര്‍ത്താക്കളുടെ നിസ്സഹായവസ്ഥയും ഇന്ന് പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. വസ്ത്രധാരണത്തിലൂടേയും മറ്റും ഒരു പരിധിവരെ ഗര്‍ഭാവസ്ഥയെ പ്രത്യക്ഷത്തില്‍ മറച്ചുവെയ്ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അച്ഛനും അമ്മയും മകളും മാത്രമുള്ള വീട്ടില്‍ അത് എത്രത്തോളം പ്രായോഗികമാകും എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഗര്‍ഭാവസ്ഥയെ എത്രത്തോളം മറച്ചുവെക്കാന്‍ ശ്രമിച്ചാലും ശാരീരികമായ മാറ്റങ്ങള്‍ ഏറ്റവും കുറഞ്ഞത് രക്ഷിതാക്കള്‍ക്കെങ്കിലും മനസ്സിലാവേണ്ടതാണെന്ന് പറയുന്നു ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് അറിയാമായിരുന്നില്ലെന്ന രക്ഷിതാക്കളുടെ വാദത്തെ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടുമില്ല.
കൊച്ചിയില്‍ സ്വന്തമായി മറ്റൊരു വീടുള്ള കുടുംബം വര്‍ഷങ്ങളായി സംഭവം നടന്ന ഫ്ളാറ്റിലും താമസിക്കുന്നുണ്ട്. ബിസിനസ് ആവശ്യത്തിനായി പിതാവ് എറണാകുളത്തേക്ക് പോവുമ്പോള്‍ അമ്മയും മകളും മാത്രമായിരിക്കും വീട്ടിലുണ്ടാവുകയെന്നും നാട്ടുകാര്‍ പറയുന്നു. പീഡനത്തിനപ്പുറം കുട്ടിയുടെ സൗഹൃദങ്ങള്‍, ബെംഗളൂരുവിലെ മറ്റ് ബന്ധങ്ങള്‍, ഏതെങ്കിലും തരത്തില്‍ ലഹരിയുടെയോ മറ്റോ കെണിയില്‍പെട്ടോ ഇങ്ങനെ പലവിധ വിഷയങ്ങളാണ് പോലീസിന് മുന്നിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല