1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2024

സ്വന്തം ലേഖകൻ: രു നിമിഷത്തെ അശ്രദ്ധ ! വിദേശത്തു ജോലിയിൽ പ്രവേശിക്കാൻ ഏറെ പ്രതീക്ഷകളോടെ പുറപ്പെട്ട സൂര്യയുടെ ജീവിതം തന്നെ അസ്തമിച്ചു. ഒപ്പം, ഒരു കുടുംബത്തിന്റെയാകെ സ്വപ്നങ്ങളും. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകൾ സൂര്യ സുരേന്ദ്രൻ (24) വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നു ചികിത്സയിലിരിക്കെയാണു കഴിഞ്ഞ ദിവസം മരിച്ചത്. ആന്തരികാവയവ പരിശോധനാ ഫലം ആയില്ലെങ്കിലും, സൂര്യ തന്നെ നൽകിയ വിവരം മരണത്തിലേക്കു നയിച്ച ഒരു അശ്രദ്ധയിലേക്കാണു വിരൽ ചൂണ്ടുന്നത്. പൂച്ചെടിയായി ഓമനിച്ചു വളർത്തുന്ന അരളി, മരണ കാരണമാകാമെന്നും.

ബിഎസ്‌സി നഴ്സിങ് പാസായ സൂര്യയ്ക്കു യുകെയിൽ ജോലി ലഭിച്ചതിനെ തുടർന്നു ഞായറാഴ്ച രാവിലെയാണു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. പോകുന്നതിനു മുൻപ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് സൂര്യ യാത്ര പറഞ്ഞിരുന്നു. മൊബൈൽ ഫോണിൽ സംസാരിച്ചു മുറ്റത്തു നടക്കുന്നതിനിടെ ഏതോ ഒരു പൂച്ചെടിയുടെ ഇലയും പൂവും നുള്ളിയെടുത്തു വായിലിട്ടൊന്നു ചവച്ചിരുന്നു. തുപ്പിക്കളയുകയും ചെയ്തു.

പിന്നീടു യാത്രയ്ക്കിടെ ഛർദിച്ചു. അസ്വസ്ഥത കൂടി സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചു. ദഹനപ്രശ്നമോ മറ്റോ ആയിരിക്കുമെന്നു കരുതി. വിമാനത്താവളത്തിൽ ചെക് ഇൻ ചെയ്യാൻ നിൽക്കുമ്പോൾ കുഴഞ്ഞുവീണു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാർ വിശദമായി അന്വേഷിച്ചപ്പോൾ ഏതോ ഒരു പൂവും ഇലയും വായിലിട്ടതായി സൂര്യ പറഞ്ഞിരുന്നു. അത് അരളിച്ചെടിയായിരുന്നു.

ഹൃദ്രോഗബാധ മൂലമാണു സൂര്യയുടെ മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിക്കാമെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്‌എച്ച്ഒ കെ.അഭിലാഷ് കുമാർ പറഞ്ഞു. ഈ ചെടിയുടെ പൂവിന്റെയോ, ഇലയുടെയോ അംശം ആമാശയത്തിൽ കണ്ടെത്താനായില്ല. ചവച്ചു തുപ്പുന്നതിനിടെ നീര് അകത്തു പോയിരിക്കാം എന്നാണു കരുതുന്നത്. ആന്തരികാവയവ പരിശോധനയിലേ ഇക്കാര്യം ഉറപ്പിക്കാനാകൂ.

സൂര്യയുടെ മരണമേൽപിച്ച കടുത്ത ആഘാതത്തിലാണു കുടുംബം. പഠിക്കാൻ സമർഥയായിരുന്ന ഈ പെൺകുട്ടി അവരുടെ ഏക പ്രതീക്ഷയായിരുന്നു. ഹരിപ്പാട് ഗവ.എച്ച്എസ്എസിൽ നിന്നു എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഫുൾ എ പ്ലസ്. ബിഎസ്‌സി നഴ്സിങ്ങിനും ഉന്നത വിജയം. വളരെ കഷ്ടപ്പെട്ടാണു പഠിച്ചത്. നിർമാണത്തൊഴിലാളിയായ പിതാവ് സുരേന്ദ്രൻ ഹൃദ്രോഗി. പള്ളിപ്പാട് പൊയ്യേക്കര ജംക്‌ഷനിൽ ചായക്കട നടത്തുകയാണ് അമ്മ അനിത. ബാങ്ക് വായ്പ എടുത്താണു സൂര്യ പഠിച്ചിരുന്നത്. യുകെയിൽ ജോലി കിട്ടിയതോടെ വീട്ടിലാകെ ആശ്വാസവും ആഹ്ലാദവും നിറഞ്ഞു. അപ്രതീക്ഷിത ദുരന്തം ഈ കുടുംബത്തെ പാടെ തകർത്തിരിക്കുന്നു. അരളിച്ചെടിക്കു വിഷമുണ്ടെന്ന് അറിയില്ലായിരുന്നു, ഈ ഭാഗത്തെല്ലാമുള്ള ചെടികൾ നശിപ്പിക്കും– സൂര്യയുടെ ബന്ധുക്കൾ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.