സ്വന്തം ലേഖകൻ: വ്യാഴാഴ്ച റാസല്‍ഖൈമയില്‍ പരക്കെ മഴ ലഭിച്ചു. കേരളത്തിലെ തുലാവര്‍ഷത്തെ അനുസ്മരിപ്പിക്കും വിധം ബുധനാഴ്ച രാത്രിയോടെ ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് മഴ തുടങ്ങിയത്. രാത്രി പെയ്തൊഴിഞ്ഞ മഴ വ്യാഴാഴ്ച പുലര്‍ച്ചയോടെ കനത്ത രീതിയില്‍ വീണ്ടുമെത്തുകയായിരുന്നു. രാവിലെ 11 മണിവരെ റാസല്‍ഖൈമയിലെ എല്ലാ പ്രദേശങ്ങളിലും മഴ ലഭിച്ചു. ഉച്ചയോടെ ആകാശം തെളിഞ്ഞു. ശുഹദാ സ്ട്രീറ്റില്‍ എമിറേറ്റ്സ് റോഡ് എക്സിറ്റ് മേഖലയില്‍ റോഡ് തകര്‍ന്നത് ഗതാഗത തടസ്സം സൃഷ്ടിച്ചു.
ശക്തമായ മഴയില്‍ റാക് ശുഹാദ റോഡിലുണ്ടായ മണ്ണിടിച്ചില്‍
ജസീറ റാക് സെറാമിക്സിന് പിറകുവശത്തെ റോഡില്‍ വെള്ളക്കെട്ട് വാഹനയാത്രക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. താഴ്ന്ന പ്രദേശങ്ങളിലും ചില റൗണ്ടെബൗട്ടുകളിലും വെള്ളക്കെട്ടുണ്ടായതൊഴിച്ചാല് മഴയെത്തുടര്‍ന്ന് മറ്റു അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
റാസൽഖൈമ അൽഷുഹാദയിൽ മലവെള്ളപ്പാച്ചിലിൽ എമിറേറ്റ്സ് റോഡിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി. ഉമ്മുൽഖുവൈനിൽ ചില റോഡുകൾ പൊലീസ് അടച്ചു. മഴക്കെടുതികൾ ഏറ്റവും രൂക്ഷമായി ബാധിച്ച ഷാർജയിൽ ബുധനാഴ്ച മുതൽ രക്ഷാപ്രവർത്തകർ വൻതോതിൽ അണിനിരന്നിരുന്നു.
ദുബായിലെ ബീച്ചുകളും പാർക്കുകളും മാർക്കറ്റുകളും പകൽ അടച്ചെങ്കിലും വൈകുന്നേരത്തോടെ തുറന്നു. ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകിയതിനാൽ ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിച്ചു കൂട്ടി. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് സർക്കാർ, സ്വകാര്യ കമ്പനികൾ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നു. സ്കൂളുകളും ഓൺലൈൻ പഠനത്തിലേക്കു മാറി.
റോഡുകളിൽ തിരക്ക് കുറവായിരുന്നു. വെള്ളക്കെട്ടിനു സാധ്യതയുള്ള റോഡുകളിലേക്ക് വാഹനം അനുവദിച്ചില്ല. ഇന്നലെ ഉച്ചയോടെ അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിൽ മഴ മാറി വെയിൽ തെളിഞ്ഞു. ഇന്നും മഴ തുടരുമെങ്കിലും ശക്തമാകില്ലെന്നാണു കാലാവസ്ഥാ പ്രവചനം. സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിലും മഴയുണ്ടായി. ഇന്ന് മഴമേഘങ്ങൾ ഒമാൻ തീരത്തോട് അടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല