സ്വന്തം ലേഖകൻ: ന്യൂസീലൻഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീൻപിടിത്തത്തിനിടെ കടലിൽ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ നെടുമുടി ആറ്റുവാത്തല ശശി നിവാസിൽ ശശിധരൻനായരുടെയും ശ്യാമളകുമാരിയുടെയും മകൻ ശരത്കുമാറി(37)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.
ശരത്കുമാറിനെയും മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ കെ.എം.പി. തടിമില്ലിനുസമീപം ചെമ്പകത്തിനാൽ വീട്ടിൽ ഫെർസിൽ ബാബു(37)വിനെയുമാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ടുമുതൽ ഇവരെ കാണാതായി എന്നാണ് ന്യൂസീലൻഡ് എംബസിയിൽനിന്നു ബന്ധുക്കൾക്കു ലഭിച്ചവിവരം.
ന്യൂസീലൻഡിന്റെ വടക്കൻ പ്രദേശമായ നോർത്ത് ലാൻഡിലെ തായ്ഹാരുരു ബീച്ചിനടുത്ത് ദി ഗ്യാപ്പ് എന്നറിയപ്പെടുന്ന പാറക്കെട്ടുകൾക്കു സമീപം പോലീസും സുരക്ഷാസംഘവും വ്യാഴാഴ്ച തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ കണ്ടെത്താനായില്ല. വെള്ളിയാഴ്ച അന്വേഷണം പുനരാരംഭിച്ചപ്പോഴാണ് ശരത്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇവരുടെ വാഹനം, വസ്ത്രം, പാദരക്ഷകൾ എന്നിവ കണ്ടെത്തിയിരുന്നു. ന്യൂസീലൻഡിൽ ജോലിചെയ്യുന്ന സുഹൃത്തുക്കളായ ഇരുവരും കൂടി അപകട സാധ്യതയുള്ള ബീച്ചിൽ മീൻപിടിക്കാൻ പോയതാണ്. വഴുവഴുപ്പുള്ള പാറപ്പുറത്തുനിന്ന് കടലിലേക്ക് വീണു പോയിരിക്കാമെന്നാണ് നിഗമനം. ആദ്യം വീണുപോയ ആളെ രക്ഷിക്കാനായി അടുത്തയാൾ ഷൂസ് അഴിച്ചുെവച്ച് വെള്ളത്തിലിറങ്ങിയതാകുമോ എന്ന് സംശയിക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ ഫെർസിലിന്റെ ഭാര്യ ആഷ്ലിയാണ് വിവരം മൂവാറ്റുപുഴയിലെ വീട്ടിൽ അറിയിച്ചത്. ശരത് കുമാർ ഭാര്യക്കയച്ച ലൊക്കേഷൻ മാപ്പിൽനിന്നാണ് പോലീസ് ഇവർ എവിടെയാണു പോയതെന്ന് കണ്ടെത്തിയത്. ശരത്കുമാറിന്റെ ഭാര്യ സൂര്യ എസ്. നായർ, മകൾ ഐഷാനി എന്നിവരും ന്യൂസീലൻഡിലാണ്. മലയാളി അസോസിയേഷനും കൂട്ടുകാരുംചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല