സ്വന്തം ലേഖകൻ: ബഹ്റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്റൈന്‍ ദിനാര്‍ (ഏകദേശം 660 ഇന്ത്യന്‍ രൂപ) നികുതി ഈടാക്കാനാണ് തീരുമാനം.
രാജ്യം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് പുതിയ ടൂറിസ്റ്റ് നികുതി കൂടി ഉള്‍പ്പെടുത്തി റൂം വാടക ഈടാക്കണമെന്ന നിര്‍ദ്ദേശം പ്രാദേശികവും അന്തര്‍ദേശീയവുമായ ടൂറിസ്റ്റ് ട്രാവല്‍ ഏജന്‍സികളേയും എയര്‍ലൈനുകളേയും മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് കൂടുതല്‍ മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പുതിയ നികുതി നടപ്പിലാക്കുന്നതോടെ രാജ്യത്തിന്റെ ബജറ്റില്‍ പ്രതിവര്‍ഷം മൂന്ന് ദശലക്ഷം ദിനാര്‍ വരെ വർധനവ് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വിലയിരുത്തി. രാജ്യത്തെ ഹോട്ടല്‍ താമസ നിരക്ക് പ്രതിവര്‍ഷം 40 ശതമാനത്തില്‍ എത്തുമെന്നാണ് ടൂറിസം മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
കൊവിഡിന് ശേഷം രാജ്യത്തെ ഹോട്ടല്‍ വ്യവസായ മേഖലയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ രാജ്യത്തിന് കഴിഞ്ഞതായാണ് കണക്കുകള്‍. വിനോദ സഞ്ചാരത്തില്‍ നിന്നുള്ള വരുമാനമാണ് ബഹ്റൈന്‍ സാമ്പത്തിക മേഖലയെ പിടിച്ചു നിര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല