സ്വന്തം ലേഖകൻ: ദുബായിയില്‍ മരിച്ച മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം. ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ട് വളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹത്തിനായാണ് ഭാര്യയും മൂന്ന് മക്കളും 12 ദിവസമായി കാത്തിരിക്കുന്നത്. ദുബായിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സുരേഷ് കുമാറിന്റെ മരണം. ഏപ്രില്‍ 22 നായിരുന്നു ഇത്.
ഏപ്രില്‍ 5 നാണ് പനിയെ തുടര്‍ന്ന് സുരേഷ് കുമാര്‍ ആശുപത്രിയിലേക്ക് പോയത്. സുഹൃത്തിനൊപ്പം നടന്നാണ് ആശുപത്രിയിലേക്ക് പോയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ച സുരേഷ് കുമാരിന് സംസാരിക്കാന്‍ കഴിയാതെയായി. 14 ദിവസത്തോളം വെന്റിലേറ്ററില്‍ ആയിരുന്നു. പിന്നീട് അനുദിനം ആരോഗ്യനില വഷളാകുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ബില്‍ അടയ്ക്കാന്‍ ബാക്കിയുള്ളതിനാലാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം വിട്ടു നല്‍കാത്തത് എന്നാണ് വിവരം. ആശുപത്രിയില്‍ പോകുന്നതിനു മുന്‍പ് സുരേഷ് കുമാര്‍ വീട്ടിലേക്ക് വിളിക്കുകയും രണ്ടാഴ്ച കഴിഞ്ഞാല്‍ നാട്ടില്‍ എത്തുമെന്ന് മകളോട് പറയുകയും ചെയ്തിരുന്നു. സുരേഷിന്റെ വരവ് കാത്തിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കുടുംബത്തിലേക്ക് മരണ വാര്‍ത്ത എത്തുന്നത്.
ദുബായില്‍ ഡ്രൈവറായിരുന്നു സുരേഷ് കുമാര്‍. സുരേഷ് കുമാറിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഭാര്യ സുപ്രിയ പല പ്രവാസി സംഘടനകളുമായും ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പ്രവാസി സംഘടനകളുടെയും സഹായം തേടുകയാണ് കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല