സ്വന്തം ലേഖകൻ: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ സിയാൽ മാറ്റംവരുത്തി. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്കുപുറമേ, കൊച്ചിയിൽനിന്ന് ഇനി കൂടുതൽ നഗരങ്ങളിലേക്ക് പറക്കാം.
2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്. മാർച്ച് 31-ന് പ്രാബല്യത്തിൽവന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1,628 സർവീസുകളാണുണ്ടായിരുന്നത്. ഇതിൽനിന്ന് അറുപതോളം സർവീസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം മേയ് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി.
എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാരം ആറ് സർവീസുകൾ കൊൽക്കത്തയിലേയ്ക്ക് നടത്തുന്നുണ്ട്. റാഞ്ചി, ചണ്ഡീഗഢ്, വാരാണസി, റായ്പുർ, ലഖ്നൗ എന്നിവിടങ്ങളിലേയ്ക്കുള്ള ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. പുണെയിലേയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസും റാഞ്ചി, ബാഗ്ദോഗ്ര എന്നിവിടങ്ങളിലേയ്ക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളും സിയാൽ വർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബെംഗളൂരുവിലേക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്. ഡൽഹിയിലേയ്ക്ക് 13-ഉം മുംബൈയിലേയ്ക്ക് 10-ഉം സർവീസുകൾ പ്രവർത്തിക്കുന്നു. ലക്ഷദ്വീപിലേയ്ക്ക് മേയ് ഒന്നിന് ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു. നിലവിൽ ആഴ്ചയിൽ 10 സർവീസുകൾ അലയൻസ് എയർ അഗത്തിയിലേയ്ക്ക് നടത്തുന്നുണ്ട്.
കിഴക്കൻ മേഖലയിലേയ്ക്ക് വിനോദസഞ്ചാരികളുടെ വർധനവ് പരിഗണിച്ച് ബാങ്കോക്ക്, ക്വലാലംപുർ, സിങ്കപ്പൂർ, വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രീമിയം എയർലൈനായ തായ് എയർവേസ് മൂന്നു സർവീസുകൾ ആരംഭിച്ചതോടെ ബാങ്കോക്കിലേയ്ക്ക് കൊച്ചിയിൽനിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 13 ആയി. സിങ്കപ്പൂരിലേയ്ക്ക് 14-ഉം ക്വലാലംപുരിലേയ്ക്ക് 22-ഉം സർവീസുകളായി. ലണ്ടനിലേയ്ക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം മൂന്നിൽനിന്ന് നാലായി ഉയർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
2023-24 സാമ്പത്തിക വർഷത്തിൽ 1.053 കോടി യാത്രക്കാരുമായി സിയാൽ റെക്കോഡിട്ടു. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാഫിക്കാണിത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 18 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്. 2023-24-ൽ 70,203 സർവീസുകളാണ് സിയാൽ കൈകാര്യം ചെയ്തത്. 2023 കലണ്ടർ വർഷത്തിലും ഒരു കോടിയിലേറെ പേർ സിയാലിലൂടെ യാത്രചെയ്തു. മൊത്തം യാത്രക്കാരിൽ 55.98 ലക്ഷം പേർ ആഭ്യന്തര മേഖലയിലും 49.31 ലക്ഷം പേർ രാജ്യാന്തര മേഖലയിലും യാത്ര ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല