സ്വന്തം ലേഖകൻ: കാര്‍ഡിഫില്‍ നടന്ന വാഹനാപകടത്തില്‍ നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എ48,വെയില്‍ ഓഫ് ഗ്ലാമോര്‍ഗനിലെ, ബോണ്‍വില്‍സ്റ്റണ് സമീപമാണ് അപകടം നടന്നത്.
കാറില്‍ നാല് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് സഞ്ചരിച്ചിരുന്നത്. ഒരു ആണ്‍കുട്ടിയും, മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു. വാഹനം ഓടിച്ച വ്യക്തി ഉറങ്ങിപ്പോയതാണെന്ന് സൂചനയുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് നാട്ടില്‍ നിന്നും തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒരു വാഹനം മാത്രം ഉള്‍പ്പെട്ട അപകടമാണ് നടന്നതെന്ന് സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന നാല് പേരെയും വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്, മറ്റ് മൂന്ന് പേരുടെ പരുക്കുകള്‍ മാരകമല്ല, പോലീസ് വക്താവ് വ്യക്തമാക്കി.
രാവിലെ 6 മണിയോടെയാണ് അപകടം നടന്ന വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസ് സംഭവസ്ഥലത്ത് പരിശോധനകള്‍ നടത്തി. ഈ റോഡ് ഒഴിവാക്കി സഞ്ചരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെ മറ്റ് ഭാഗങ്ങളില്‍ കനത്ത ട്രാഫിക്ക് രൂപപ്പെട്ടു. തുടർന്നാണ് അപകടത്തില്‍ പെട്ടത് മലയാളി വിദ്യാര്‍ത്ഥികളാണെന്ന് വിവരം പുറത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല