സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്മാര്ക്ക് വിവിധ മേഖലകളിലെ ജോലികള്‍ സംവരണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സ്വദേശിവത്ക്കരണ നയങ്ങള്‍ ശക്തമാക്കിയിട്ടും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതില്‍ അധികൃതര്‍ക്ക് ആശങ്ക. സിവില്‍ സര്‍വീസ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴിലില്ലാത്ത കുവൈത്ത് പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്.
2023 നവംബര്‍ 19ലെ സിവില്‍ സര്‍വീസ് ബ്യൂറോ ഇന്റഗ്രേറ്റഡ് സിസ്റ്റത്തില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം തൊഴിലില്ലാത്ത കുവൈത്തികളുടെ എണ്ണം 8,727 ആയി ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയെ ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 4177 പേര് (48 ശതമാനം) പുരുഷന്മാരും 4,550 പേര് (52 ശതമാനം) സ്ത്രീകളുമാണ്.
2022 ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം തൊഴിലില്ലാത്ത കുവൈത്ത് പൗരന്മാരുടെ എണ്ണം 8,318 ആയിരുന്നു. അതില്‍ 3,409 പേര് പുരുഷന്മാരും (41 ശതമാനം) 4,909 പേര് സ്ത്രീകളും (59 ശതമാനം) ആയിരുന്നു. 2021ലെ ഇതേ കാലയളവില്‍, 7,668 പേരായിരുന്നു തൊഴിലില്ലാത്ത കുവൈത്ത് പൗരന്മാര്. ശക്തമായ സ്വദേശിവല്‍ക്കരണ നയങ്ങള്‍ നിലനില്‍ക്കുമ്പോഴും തൊഴിലില്ലാത്തവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2024 ലെ ഡാറ്റ അനുസരിച്ച്, നിലവില്‍ സിവില്‍ സര്‍വീസ് ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന പൗരന്മാരുടെ എണ്ണം 14,000 ആണ്. ഈ വര്‍ഷം അവസാനത്തോടെ ഇത് 30,000 ആയി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കുറഞ്ഞത് 10,000 പേരെങ്കിലും തൊഴില്‍രഹിതരായി ഉണ്ടാവുമെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ കണക്കുകൂട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ഇത് കൂടുതല്‍ തൊഴില്‍ മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കും.
ഓരോ വര്‍ഷവും രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദമെടുത്ത് പുറത്തുവരുന്നവരില്‍ പലര്‍ക്കും തൊഴില്‍ വിപണിക്ക് ആവശ്യമായ നൈപുണ്യങ്ങളില്ല എന്നതാണ് തൊഴില്‍ രഹിതരായ ബിരുദധാരികള്‍ വര്‍ധിച്ചു വരുന്നതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അതിനാല്‍, തൊഴില്‍ വിപണിക്ക് ആവശ്യമില്ലാത്ത സ്പെഷ്യലൈസേഷനുകള്‍ കുറയ്ക്കുന്നതിന് സിവില്‍ സര്‍വീസ് ബ്യൂറോ, കുവൈത്ത് യൂണിവേഴ്സിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ്, ഹയര്‍ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ എന്നിവയെ ഏകോപിപ്പിക്കും. വിപണിക്ക് ആവശ്യമായ സ്പെഷ്യലൈസേഷനുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല