സ്വന്തം ലേഖകൻ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) ഉപഭോക്തൃ സേവനകേന്ദ്രങ്ങൾ സ്മാർട്ടാക്കുന്ന പദ്ധതി മുഴുവൻ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. എല്ലാ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളും അടുത്ത വർഷത്തോടെ ഒരേ സമയം നേരിട്ടും ഓൺലൈനും സേവനങ്ങൾ ലഭിക്കുന്ന രീതിയിലേക്കാണ് നവീകരിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഉമ്മുറമൂൽ, അൽ ബർഷ കേന്ദ്രങ്ങൾ സെപ്റ്റംബറോടെ നവീകരിക്കും.
യുഎഇയുടെ ഡിജിറ്റൽ ഗവൺമെന്റ് നയത്തിന്റെ ഇലക്ട്രോണിക്, ഡിജിറ്റൽ സേവനങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മനുഷ്യ സഹായമില്ലാതെ സേവനങ്ങൾ ലഭിക്കുന്ന സ്മാർട്ട് ഉപകരണങ്ങളും സംവിധാനങ്ങളും സ്ഥാപിക്കുന്നതാണ് നവീകരണത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ 24 മണിക്കൂറും ഉപഭോക്തൃ സേവനം ഉറപ്പുവരുത്താൻ സാധിക്കും. നിലവിൽ 78 സേവനങ്ങൾ പൂർത്തിയാകുന്ന സമയത്തിൽ 213 എണ്ണം പൂർത്തിയാക്കാനും സാധിക്കും. ഉമ്മുറമൂൽ, അൽ ബർഷ കേന്ദ്രങ്ങളിൽ നവീകരണ കാലയളവിൽ ഭാഗികമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
ദുബൈ നഗരത്തെ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സംവിധാനങ്ങളുള്ള സ്ഥലമായി പരിവർത്തിപ്പിക്കുകയെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായി എല്ലാ മേഖലയിലും ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
നേരത്തെ അൽ കിഫാഫ് സേവന കേന്ദ്രം 2022ലും അൽ മനാറ കേന്ദ്രം കഴിഞ്ഞ വർഷം മാർച്ചിലും അൽ തവാർ കേന്ദ്രം മേയിലും സ്മാർട്ട് സംവിധാനത്തിലേക്ക് മാറിയിരുന്നു. ഉമ്മുറമൂൽ, അൽ ബർഷ കേന്ദ്രങ്ങളുടെ നവീകരണം പൂർത്തിയായാൽ അടുത്ത വർഷം ദേരയിലെ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിക്കും.
മനുഷ്യ ഇടപെടലുകളില്ലാതെ സ്മാർട്ട് ഉപകരണങ്ങൾ വഴി എല്ലാ സേവനങ്ങളും ലഭിക്കുന്നതായിരിക്കും നവീകരണം പൂർത്തിയായ കേന്ദ്രങ്ങൾ. ഏറ്റവും പുതിയ അന്തർദേശീയ മാനദണ്ഡങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും അനുസൃതമായാണ് പദ്ധതി പുനർരൂപകൽപന ചെയ്തിട്ടുള്ളത്. സഹായം ആവശ്യമുള്ള എല്ലാ ഉപഭോക്തൃ വിഭാഗങ്ങളെയും സഹായിക്കുന്നതിന് സേവന ഉപദേഷ്ടാക്കളും വിഡിയോ ആശയവിനിമയ ഒപ്ഷനുകളും ലഭ്യമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല