1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2024

സ്വന്തം ലേഖകൻ: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള വിക്ഷേപണം മേയ് 10 ലേക്ക് മാറ്റി. മേയ് ആറിന് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുമൂലം മാറ്റിവെക്കുകയായിരുന്നു. 24 മണിക്കൂര്‍ നേരത്തേക്കാണ് മാറ്റി വെച്ചത് എങ്കിലും മേയ് പത്തിലേക്ക് വിക്ഷേപണം മാറ്റിയതായി ബോയിങ് ചൊവ്വാഴ്ച അറിയിച്ചു.

നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യുഎസ് നേവി കാപ്റ്റന്‍ ബാരി ബച്ച് വില്‍മോര്‍ (61), മുന്‍ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ സുനിത വില്യംസ് (58) എന്നിവരാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ യാത്രികര്‍. മേയ് ഏഴിന് വൈകീട്ട് 10.34 ന് വിക്ഷേപണം നടത്താനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വിക്ഷേപണ വാഹനത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്ന് വിക്ഷേപിക്കാന്‍ രണ്ട് മണിക്കൂര്‍ ബാക്കിനില്‍ക്കെ ദൗത്യം നീട്ടിവെക്കുകയായിരുന്നു.

അടുത്ത വിക്ഷേപണ തീയ്യതി മേയ് പത്തിന് അപ്പുറത്തേക്ക് നീളില്ലെന്ന് ബോയിങ് പ്രസ്താവനയില്‍ പറഞ്ഞു. യുഎല്‍എ അറ്റ്‌ലസ് വി റോക്കറ്റിന്റെ മുകള്‍ ഭാഗത്തെ ലിക്വിഡ് ഓക്‌സിജന്‍ ടാങ്കിലെ പ്രഷര്‍ വാല്‍വില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചതെന്നും പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും ബോയിങ് പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനായി ബോയിങ് നിര്‍മിച്ച ബഹിരാകാശ പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ അഥവാ സിഎസ്ടി-100. നാസയുടെ കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചെടുത്തത്. 2010 ലാണ് കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാമിന് വേണ്ടി നാസ സ്റ്റാര്‍ലൈനറിനെ തിരഞ്ഞെടുത്തത്. 2017 ല്‍ മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്ര നടത്താനാണ് പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ 2019 ഡിസംബര്‍ 20നാണ് സ്റ്റാല്‍ലൈനറിന്റെ ആദ്യ ആളില്ലാ വിക്ഷേപണ ദൗത്യം നടത്തിയത്. എന്നാല്‍ ഈ ദൗത്യം വിജയകരമായില്ല. സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് ദൗത്യം രണ്ട് ദിവസമാക്കി ചുരുക്കുകയും പേടകം സുരക്ഷിതമായി ഭൂമിയില്‍ ഇറക്കുകയും ചെയ്തു. പിന്നീട് 2022 മേയ് 19 നാണ് പേടകത്തിന്റെ രണ്ടാം ആളില്ലാ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കി.

15 അടി വ്യാസമുള്ള പേടകം അപ്പോളോ കമാന്റ് മോഡ്യൂളിനേക്കാളും സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്സ്യൂളിനേക്കാളും അല്‍പം വലുതാണ്. എന്നാല്‍ ആര്‍ട്ടെമിസ് ദൗത്യത്തിനായി തയ്യാറാക്കിയ ഓറിയോണ്‍ കാപ്സ്യൂളിനേക്കാള്‍ അല്‍പം ചെറുതാണ്.

സ്റ്റാര്‍ലൈനറിന് ഏഴ് യാത്രികരെ ഒരേ സമയം വഹിക്കാന്‍ ശേഷിയുണ്ട് ഏഴ് മാസക്കാലം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത് നിര്‍ത്താനാവും. പത്ത് ദൗത്യങ്ങള്‍ക്ക് വരെ പുനരുപയോഗിക്കാന്‍ സാധിക്കും വിധമാണ് ഈ പേടകത്തിന്റെ രൂപകല്‍പന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.