സ്വന്തം ലേഖകൻ: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,25,563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്(0.01). 71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്
വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്(99.08%).71831 പേര് ഫുള്‍ എപ്ലസ് നേടി. 4934 പേര് മലപ്പുറത്ത് മുഴുവന്‍ എ പ്ലസ് നേടി.വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്(100%). 892 സര്‍ക്കാര്‍ സ്കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും. മാര്‍ക്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തിനകം ലഭ്യമാക്കും
പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷ നാളെ മുതല്‍ ആരംഭിക്കും.മെയ് 28 മുതല്‍ ജൂണ്‍ 6 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷയെഴുതാവുന്നതാണ്. ജൂണ്‍ രണ്ടാം വാരം ഇതിന്റെ ഫലം പ്രസിദ്ധീകരിക്കും.
ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര് പരീക്ഷയെഴുതിയതില്‍ 2938 പേര് വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. വൈകിട്ട് നാല് മണി മുതല്‍ ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാവും.
അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയുടെ രീതിയിൽ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയർസെക്കൻഡറി പോലെ പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം. പേപ്പർ മിനിമം രീതി നടപ്പിലായാൽ എഴുത്തു പരീക്ഷയിൽ വിജയിക്കാൻ ഓരോ പേപ്പറിനും നിശ്ചിത മാർക്ക് വേണ്ടി വരും.
40 മാർക്ക് ഉള്ള വിഷയത്തിന് എഴുത്തു പരീക്ഷയിൽ വിജയിക്കണമെങ്കിൽ മിനിമം 12 മാർക്ക് നേടണം. 80 മാർക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കിൽ മിനിമം 24 മാർക്ക് വേണം. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും എന്നിട്ടാവും അന്തിമ തീരുമാനമെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല