സ്വന്തം ലേഖകൻ: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കോവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മാണക്കമ്പനിയായ “അസ്ട്രാസെനക’. കമ്പനിയുടെ കോവിഷീല്‍ഡ് വാക്സിന്റെ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്നു കമ്പനി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായതായി പറയുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്കിയതു കോവിഷീല്‍ഡ് വാക്സിൻ ആണ്.
കോവിഡ് ഷീല്‍ഡ് വാക്സിന് സ്വീകരിച്ച യുകെയില്‍നിന്നുള്ള ജാമി സ്കോട്ട് എന്നയാള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെ വാക്സിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ജാമി സ്കോട്ടിന്റെ പരാതിയെ ശരിവയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയില്‍ നല്‍കിയത്.
കോവിഷീല്‍ഡ് വാക്സീന് എടുത്തവരില്‍ അപൂര്‍വം പേരില്‍ രക്തം കട്ട പിടിക്കുന്ന രോഗം ഉണ്ടാകാനും പ്ലേറ്റ്ലറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയില്‍ സമ്മതിച്ചിരുന്നു.
അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നാണു കന്പനി വിശദീകരിക്കുന്നത്. വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്പന കുത്തനെ കുറഞ്ഞുപോയിരിക്കുന്നു, അതിനാലാണ് പിൻവലിക്കുന്നതെന്നും കമ്പനി അധികൃതർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല