സ്വന്തം ലേഖകൻ: എയർഇന്ത്യ എക്സ്പ്രസിന്റെ ജീവനക്കാർ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ച സംഭവത്തിൽ നടപടിയുമായി വിമാന കമ്പനി. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 25 കാബിൻ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒരു ന്യായവുമില്ലാതെ മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ഉദ്യോഗസ്ഥർ ജോലിയിൽ നിന്നും വിട്ടുനിന്നുവെന്നാണ് ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ കമ്പനി പറയുന്നത്. ഇതിന്റെ ഫലമായി ധാരാളം വിമാനങ്ങൾ റദ്ദ് ചെയ്യേണ്ടി വന്നു. നടപടി കമ്പനിയുടെ ഏറ്റവും വിലപ്പെട്ട യാത്രക്കാർക്ക് വലിയ അസൗകര്യം സൃഷ്ടിച്ചു. ഇവരുടെ പ്രവൃത്തി പൊതുതാത്പര്യത്തിനെതിരായിരുന്നു എന്നുമാത്രമല്ല കമ്പനിക്ക് നാണക്കേടുണ്ടാക്കുകയും ധനനഷ്ടം വരുത്തിവയ്ക്കുകയും ചെയ്തു.
അസുഖം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കൂട്ടയവധി വിമാനസർവീസുകൾ റദ്ദാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രതിമായ നീക്കമായാണ് മനസ്സിലാക്കുന്നത്. ഇത് എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സർവീസ് റൂളുകൾ ലംഘിക്കുന്ന നടപടിയാണെന്നും കത്തിൽ പറയുന്നു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയർ ഇന്ത്യ എക്സ്പ്രസ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്. എയർ ഇന്ത്യാ എക്സ്പ്രസിനെ എയർ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ഇവർക്ക് എതിർപ്പുണ്ട്.
മുതിർന്ന തസ്തികകളിലേക്കുള്ള അഭിമുഖം കഴിഞ്ഞവർക്കും താഴ്ന്ന തസ്തികകളിൽ തന്നെ ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടതും ജീവനക്കാരെ പ്രകോപിപ്പിച്ചു. ജോലി സമയം, അലവൻസ് എന്നിവ സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ട്.
എയർഇന്ത്യ എക്സ്പ്രസിന്റെ ഇരുനൂറിലധികം കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രിമുതൽ നൂറിലധികം സർവീസുകൾ കമ്പനി മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതിൽ ഡി.ജി.സി.എ. എയർഇന്ത്യ എക്സ്പ്രസിനോട് വിശദീകരണം തേടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല