സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ എം.ടെക്ക് വിദ്യാര്‍ഥി നവജീത് സന്തുവിനെ കുത്തിക്കൊന്ന കേസില്‍ ഹരിയാണ സ്വദേശികളായ സഹോദരങ്ങള്‍ ഓസ്ട്രേലിയയില്‍ അറസ്റ്റിലായി. അഭിജിത് ഗാര്‍ട്ടന്‍, റോബിന് ഗാര്‍ട്ടന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സ് ഗുല്‍ബേണില്‍ അറസ്റ്റിലായത്. വിക്ടോറിയ പോലീസാണ് പ്രതികളുടെ അറസ്റ്റ് വിവരം അറിയിച്ചത്. ഹരിയാണ കര്‍ണല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട നവജീത് സന്തുവും.
മെയ് അഞ്ച് ഞായറാഴ്ച മെല്‍ബണിലെ ഒര്‍മോണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താമസ വാടക സംബന്ധമായ തര്‍ക്കത്തില്‍ ഇടനിലക്കാരനായി സംസാരിക്കവെയാണ് നവജീതിന് കുത്തേറ്റത്. നവജീതിന്റെ സുഹൃത്ത് താമസ സ്ഥലത്ത് നിന്നും അവരുടെ സാധനങ്ങള്‍ എടുക്കാന്‍ നവജീതിന്റെ കൂടെകൊണ്ടുപോയിരുന്നു. സുഹൃത്ത് മുറിയിലേക്ക് പോയ സമയത്ത് നവജീത് പുറത്ത് കാറിലിരിക്കുകയായിരുന്നു.
താമസസ്ഥലത്ത് നിന്ന് പ്രതികളുമായുള്ള തര്‍ക്കത്തിന്റ ശബ്ദം കേട്ടാണ് നവജീത് അങ്ങോട്ടെത്തിയത്. തര്‍ക്കത്തില്‍ നവജീത് ഇടപെട്ടതോടെ പ്രതികള്‍ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നും പി.ടി.ഐ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് നവജീതിന്റെ അമ്മാവന് വ്യക്തമാക്കി. ഒന്നരവര്‍ഷം മുമ്പാണ് നവജീത് പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയത്. കര്‍ഷകനായ നവജീതിന്റെ പിതാവ് ഒന്നരയേക്കറോളമുള്ള ഭൂമി വിറ്റായിരുന്നു മകനെ പഠനത്തിനായി അയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല