സ്വന്തം ലേഖകൻ: കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് തിരിച്ചടി.സ്വന്തം പാര്‍ട്ടിയിലെ എം പിയുടെ കൂറുമാറ്റമാണ് ഇപ്പോള്‍ ഋഷിക്ക് ലഭിച്ച തിരിച്ചടി. ഡോവറില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എം പി നടാലി എല്‍ഫിക് ആണ് പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് ലേബര്‍ പാര്‍ട്ടിയിലേക്ക് കൂറുമാറിയത്. ഋഷിയുടെ കീഴില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിവുകേടിന്റെയും വിഭാഗീയതയുടെയും പര്യായമായി മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അവരുടെ പ്രാധാന ആരോപണം.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ ഋഷി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അവര്‍ തുറന്നു പറഞ്ഞു. എന്നാല്‍, എല്‍ഫിക് നേരത്തെ ഒരു പ്രസിദ്ധീകരണത്തിനായി എഴുതിയ ലേഖനം ഉയര്‍ത്തിക്കാട്ടിയാണ് ഭരണകക്ഷി എല്‍ഫിക്കിനെതിരെ ആക്രമണത്തിന്റെ കുന്തമുന തിരിക്കുന്നത്. നേരത്തെ ഒരു ലേഖനത്തില്‍ ആവര് എഴുതിയത് കുടിയേറ്റ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയേയും വിശ്വസിക്കാന്‍ കഴിയില്ല എന്നായിരുന്നു.
അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന ചെറുബോട്ടുകള്‍ തടയുവാനോ, ബയോസെക്യൂരിറ്റി കാര്യക്ഷമമാക്കുന്നതിനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു എല്‍ഫിക് ആരോപിച്ചത്. എന്നാല്‍, ബോട്ടുകള്‍ തടയുന്നത് ലേബര്‍ പാര്‍ട്ടിക്ക് കാര്യക്ഷമമായി ചെയ്യാന്‍ കഴിയുമെന്ന് ലേബര്‍ എം പിമാര്‍ പോലും വിശ്വസിക്കുന്നില്ല ഏന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാണിച്ചത്.
ജനപ്രതിനിധി സഭയില്‍ പ്രധാനമന്ത്രിയുടെ ചോദ്യോത്തര പരിപാടി ആരംഭിച്ച ഉടനെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് ഋഷി സുനാക് എന്ന് ആവര് ആരോപിച്ചു.അതിര്‍ത്തി സുരക്ഷയും, ഹൗസിംഗും ആണ് താന്‍ പാര്‍ട്ടി വിടാന്‍ ഇടയാക്കിയ രണ്ട് കാരണങ്ങള്‍ എന്നും അവര്‍ എടുത്തു പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടയില്‍ ഇത് രണ്ടാമത്തെ എം പിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും കൂറുമാറുന്നാത്. നേരത്തെ പാര്‍ട്ടി എം പി ഡാന്‍ പോള്‍ട്ടറും പാര്‍ട്ടി വിട്ടിരുന്നു.
അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ ഏറെ പ്രശ്നങ്ങള്‍ നേരിടുന്ന ഡോവറില്‍ കഴിഞ്ഞ തവണ 12,278 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഫിക്ക് ജയിച്ചത്. കുടിയേറ്റ വിഷയം തന്നെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കിയതും. എല്‍ഫിക്ക് തികഞ്ഞ അവസരവാദിയാണെന്നായിരുന്നു കൂറുമാറ്റത്തെ കുറിച്ച് ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ഹു മെറിമാന്‍ പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല