സ്വന്തം ലേഖകൻ: യുഎഇ–ഒമാന്‍ ട്രെയിൻ യാഥാർഥ്യമാകുന്നു. ‘ഹഫീത് റെയിൽ’ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഒപ്പിട്ടു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു കരാറായത്. ഷെയർഹോൾഡർ കരാറിൽ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ഡെവലപ്മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സ് പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
പാസഞ്ചർ റെയിൽ സേവനങ്ങൾ ജനതാമസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും സാമൂഹികവും കുടുംബപരവുമായ ഐക്യം വളർത്തുകയും വിനോദ സഞ്ചാര മേഖലയെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. പാസഞ്ചർ ട്രെയിനിന് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയും. സൊഹാറിനും അബുദാബിക്കും ഇടയിലുള്ള ദൂരം ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ടും സൊഹാറിനും അൽ ഐനിനുമിടയിലുള്ള ദൂരം ഒരു മണിക്കൂർ 47 മിനിറ്റിനുള്ളിലും മറികടക്കാൻ കഴിയും. ഒരു ട്രെയിനിൽ 400 പേർക്ക് യാത്ര ചെയ്യാം.
ഒരു ചരക്ക് തീവണ്ടിയിലൂടെ 15,000 ടണ്ണിലധികം ചരക്ക് (ഏകദേശം 270 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ) കൊണ്ടുപോകാൻ കഴിയും. ഖനനം, ഇരുമ്പ്, ഉരുക്ക്, കൃഷി, ഭക്ഷണം, റീട്ടെയിൽ, ഇ-കൊമേഴ്സ്, പെട്രോകെമിക്കൽ മേഖല തുടങ്ങി ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളുടെ വികസനത്തിന് ഹഫീത് റെയിൽ സംഭാവന നൽകും.
ആകെ 3 ബില്യൺ യുഎസ് ഡോളർ നിക്ഷേപം ആവശ്യമായ സംയുക്ത റെയിൽവേ ശൃംഖല യുഎഇയെയും ഒമാനെയും പ്രാദേശിക വിപണികളിലേയ്ക്കുള്ള ഗേറ്റ്വേകളായി വികസിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി വഴിയൊരുക്കും. മുൻപ് ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയായിരുന്ന സംരംഭം ഇനി ഹഫീത് റെയിൽ എന്നറിയപ്പെടും.
പർവതങ്ങളും മരുഭൂമികളും ചുണ്ണാമ്പുകല്ലുകളും ഉൾപ്പെടുന്ന ദുർഘടമായ ഭൂപ്രകൃതിയിലൂടെ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ഒരു കണ്ണിയായി വർത്തിക്കുന്ന ജബൽ ഹഫീത് മലനിരകൾ രണ്ട് രാജ്യങ്ങൾക്കും ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലമാണ്. വാണിജ്യ തുറമുഖങ്ങളെ ഇരു രാജ്യങ്ങളിലെയും റെയിൽവേയുമായി ബന്ധിപ്പിക്കുന്ന പദ്ധതി അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല