1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഒരാളുടെ മരണത്തിനും നിരവധി പേര്‍ ആശുപത്രിയിലാവുന്നതിനും ഇടവരുത്തിയ ഭക്ഷ്യ വിഷബാധയിലെ വില്ലനെ കണ്ടെത്തി. റിയാദിലെ ഹംബുര്‍ഗിനി റെസ്റ്റോറന്റില്‍ നിന്ന് വിതരണം ചെയ്ത ബോണ്‍ തും ബ്രാന്റിലെ മയോണൈസാണ് വിഷബാധയുടെ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍.

നോരത്തേ ഹോട്ടലിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് കരുതിയിരുന്നത്. ഇതുപ്രകാരം റസ്റ്റൊറന്റിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. അതിനിടെയാണ് സംഭവത്തിലെ യഥാര്‍ഥ വില്ലന്‍ മയോണൈസാണെന്ന് കണ്ടെത്തിയിരിക്കുന്നത്. മയോണൈസിലെ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് വിഷബാധയ്ക്ക് കാരാണമെന്നും അന്വേഷണത്തില്‍ വ്യക്തമായി. ബോട്ടുലിസം എന്ന പേരില്‍ അറിയപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നതാണ് ഈ ബാക്ടീരിയ. ഇതുവഴി ഭക്ഷ്യവിഷബാധയേറ്റ ആള്‍ക്ക് ഞരമ്പ് തളര്‍ച്ചയും ശ്വാസ തടസ്സവും മരണവും വരെയും സംഭവിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇതേത്തുടര്‍ന്ന് കൂടുതല്‍ പേര്‍ക്ക് വിഷബാധ ഏല്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. വിഷബാധയ്ക്ക് കാരണമായ മയോണൈസിന്റെ ബ്രാന്റിന് നിരോധനം ഏര്‍പ്പെടുത്തുകയും അത് വിപണിയില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ നിര്‍മാണ ഫാക്ടറിയും കണ്ടെത്തി സീല്‍ ചെയ്തു. നിലവില്‍ കടകകളില്‍ വിതരണം ചെയ്തിരിക്കുന്ന ഈ ബ്രാന്റിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുമായും മറ്റ് ഏജന്‍സികളും ചേര്‍ന്ന്, രാജ്യത്ത് ഭക്ഷ്യ സുരക്ഷ ശക്തമാക്കുന്നതിനുള്ള വിപുലമായ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഭക്ഷ്യവിഷബാധ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഊഹാപോഹങ്ങള്‍ക്ക് പിറകെ പോവരുതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.