സ്വന്തം ലേഖകൻ: ഏകീകൃത അയര്‍ലന്‍ഡ് എന്ന ആവശ്യം ശക്തിപ്പെടുത്തിക്കൊണ്ട് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ (ഡി യു പി) സ്ഥാപക നേതാവ് വാലസ് തോംപ്സണ്‍ രംഗത്ത്. ബി ബി സി ന്യൂസ് എന്‍ ഐ ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏകീകൃത അയര്‍ലന്‍ഡ് ഒഴിവാക്കാാന്‍ ആകാത്ത ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ഈ അഭിപ്രായത്തെ സ്വകാര്യമായി പിന്താങ്ങുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ മുന്‍നിലപാടുകള്‍ യൂണിയനിസത്തെ എവിടെയും എത്തിച്ചില്ല എന്നും അദ്ദേഹം സമ്മതിച്ചു. ജൂണില്‍, ബെല്‍ഫാസ്റ്റില്‍ നടക്കുന്ന അയര്‍ലന്‍ഡിന്റെ ഒരു ഫ്യൂച്ചര്‍ ഈവന്റിലെ ഒരു പാനലില്‍ അദ്ദേഹം സംസാരിക്കാന്‍ ഇരിക്കുകയാണ്.
അയര്‍ലന്‍ഡിന്റെ പുനരേകീകരണത്തിനായിട്ടായിരിക്കണം യാത്ര എന്ന തന്റെ വാക്കുകള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് കാരണം യൂണിയന്‍ തകര്‍ന്നു. ഇനിയൊരു പുനരുദ്ധാരണത്തിനുള്ള സാധ്യത താന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ആളുകള്‍ ഈ ആവശ്യം ഉന്നയിച്ചു കാണാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം, പക്ഷെ വളരെ ശക്തമായ എതിര്‍പ്പും പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ടെന്നും പറഞ്ഞു. പ്രൊട്ടസ്റ്റന്റ് സമുദായത്തിനുള്ളില്‍ തന്റെ അഭിപ്രായത്തോട് യോജിക്കുന്നവര്‍ ഏറിവരുന്നതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത അയര്‍ലന്‍ഡ് എന്ന ആവശ്യത്തിന് ശക്തിയേറി വരികയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡില്‍ സ്വതന്ത്രവാദം ശക്തി പ്രാപിക്കുന്നതിനിടെയാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല