സ്വന്തം ലേഖകൻ: ആശുപത്രികളിലെയും സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററുകളിലെയും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലെ ജോലി രാവിലെ ഏഴരയ്ക്ക് ആരംഭിക്കും. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജരീദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍, ആരോഗ്യ മേഖലകളിലെ ഡയറക്ടര്‍മാര്‍, കേന്ദ്ര വകുപ്പുകള്‍, മെഡിക്കല്‍ ബോഡി മേധാവികള്‍ എന്നിവരെ അഭിസംബോധന ചെയ്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുള്‍ റഹ്മാന് അല്‍ മുതൈരി പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശം.
2006-ലെ സിവില്‍ സര്‍വീസ് കൗണ്‍സില്‍ പ്രമേയം നമ്പര്‍ 41 പ്രകാരം, ഔദ്യോഗിക ജോലിയുടെ നിയമങ്ങള്‍, വ്യവസ്ഥകള്‍, നിയന്ത്രണങ്ങള്‍, വ്യവസ്ഥാപിത പ്രവൃത്തി സമയം പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച ഭേദഗതികള്‍ നടപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചാണ് പുതിയ മാറ്റമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കി. ആശുപത്രികളിലെ ജോലിയുടെ സ്വഭാവം പരിഗണിച്ചാണ് ഈ മാറ്റം.
ഇതുപ്രകാരം ഔദ്യോഗിക ജോലി സമയം പുരുഷ ജീവനക്കാര്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും സ്ത്രീ ജീവനക്കാര്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1.45 വരെയും ആണ്. ജോലിയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിശ്ചിത സമയം കഴിഞ്ഞുള്ള 30 മിനിറ്റ് ഗ്രേസ് പിരീഡായി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം 7.30ന് ശേഷം വരുന്നവര്‍ ജോലിക്ക് താമസിച്ച് വരുന്നവരായാണ് കണക്കാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല